YouVersion Logo
Search Icon

സെഖര്യാവ് 4

4
തങ്കനിർമിതമായ വിളക്കുതണ്ടും രണ്ട് ഒലിവുവൃക്ഷങ്ങളും
1എന്നോടു സംസാരിച്ച ദൂതൻ മടങ്ങിവന്നു, ഒരു മനുഷ്യനെ ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി. 2“നീ എന്തു കാണുന്നു?” അദ്ദേഹം എന്നോടു ചോദിച്ചു.
അതിനു ഞാൻ, “മുഴുവനും തങ്കനിർമിതമായ ഒരു വിളക്കുതണ്ടും അതിനു മുകളിൽ ഒരു ചെറിയ കുടവും അതിൽ ഏഴുവിളക്കുകളും അവയ്ക്കു വിളക്കു തെളിയിക്കുന്നതിനുള്ള ഏഴു കുഴലുകളും കാണുന്നു. 3കൂടാതെ, കുടത്തിന്റെ വലത്തുവശത്ത് ഒന്നും, ഇടത്തുവശത്തു മറ്റൊന്നുമായി രണ്ട് ഒലിവുവൃക്ഷങ്ങളും കാണുന്നു” എന്നു പറഞ്ഞു.
4എന്നോടു സംസാരിച്ച ദൂതനോട്, “എന്റെ യജമാനനേ, ഇവ എന്താണ്?” എന്നു ഞാൻ ചോദിച്ചു.
5ദൂതൻ എന്നോട്: “ഇവ എന്താകുന്നു എന്നു നീ അറിയുന്നില്ലേ?” എന്നു ചോദിച്ചു.
“ഇല്ല, യജമാനനേ,” എന്നു ഞാൻ മറുപടി പറഞ്ഞു.
6അപ്പോൾ ദൂതൻ എന്നോട്: “ഇതു സെരൂബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാണ്: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
7“മഹാപർവതമേ, നീ എന്താണ്? സെരൂബ്ബാബേലിന്റെ മുമ്പിൽ നീ സമതലഭൂമിയായിത്തീരും. ‘കൃപ! കൃപ!’ എന്ന ആർപ്പുവിളികളോടെ അവൻ അതിന്റെ ആണിക്കല്ല് കയറ്റും.”
8അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: 9“സെരൂബ്ബാബേലിന്റെ കരങ്ങൾ ഈ ആലയത്തിന് അടിസ്ഥാനമിട്ടിരിക്കുന്നു. അവന്റെ കരങ്ങൾത്തന്നെ അതു പൂർത്തിയാക്കും. സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.
10“ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിന്ദിക്കാൻ ആർ ധൈര്യപ്പെടും? കാരണം തെരഞ്ഞെടുക്കപ്പെട്ട ആണിക്കല്ല്#4:10 അഥവാ, തൂക്കുകട്ട സെരൂബ്ബാബേലിന്റെ കൈയിൽ കാണുമ്പോൾ ഭൂമിയിലെങ്ങും വിന്യസിച്ചിരിക്കുന്ന യഹോവയുടെ ഈ ഏഴു കണ്ണുകൾ സന്തോഷിക്കും.”
11ഞാൻ ആ ദൂതനോട് ചോദിച്ചു, “വിളക്കുതണ്ടിന് ഇടത്തും വലത്തും നിൽക്കുന്ന ഈ രണ്ടു ഒലിവുവൃക്ഷങ്ങൾ എന്ത്?”
12ഞാൻ വീണ്ടും ചോദിച്ചു, “തങ്കനിറമുള്ള എണ്ണപകരുന്ന തങ്കനിർമിതമായ രണ്ടു കുഴലുകൾക്കരികെ കാണുന്ന രണ്ട് ഒലിവുശാഖകൾ എന്ത്?”
13ദൂതൻ എന്നോട്, “ഇവ എന്താകുന്നു എന്നു നീ അറിയുന്നില്ലേ?”
അതിന്, “ഇല്ല, യജമാനനേ,” എന്നു ഞാൻ മറുപടി പറഞ്ഞു.
14“അവ സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്ന രണ്ട് അഭിഷിക്തന്മാർ ആകുന്നു,” എന്നു ദൂതൻ മറുപടി നൽകി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in