സെഖര്യാവ് 2
2
അളവുനൂൽ പിടിച്ച ഒരു പുരുഷൻ
1ഞാൻ തല ഉയർത്തിനോക്കി, എന്റെമുമ്പിൽ അതാ, കൈയിൽ അളവുനൂലുമായി ഒരു പുരുഷനെ കണ്ടു. 2“താങ്കൾ എവിടെ പോകുന്നു?” എന്നു ഞാൻ ചോദിച്ചു.
അദ്ദേഹം മറുപടി പറഞ്ഞു, “ഞാൻ ജെറുശലേമിനെ അളക്കാൻ പോകുന്നു. അതിന്റെ വീതിയും നീളവും എന്തെന്ന് അളന്നു തിട്ടപ്പെടുത്താൻതന്നെ.”
3അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ യാത്രയാകാൻ ഒരുങ്ങുമ്പോൾ, വേറൊരു ദൂതൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു. 4“ ‘ജെറുശലേം അതിലെ പുരുഷാരത്തിന്റെയും കന്നുകാലിയുടെയും ബാഹുല്യംനിമിത്തം മതിലുകൾ ഇല്ലാത്ത ഒരു പട്ടണം ആയിരിക്കുമെന്ന് ആ യുവാവിനോട് പറയുക. 5ഞാൻതന്നെ ആ പട്ടണത്തിനുചുറ്റും ഒരു അഗ്നിമതിൽ ആയിരിക്കും, ഞാൻ അതിനുള്ളിൽ അതിന്റെ മഹത്ത്വവും ആയിരിക്കും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”
6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വരിക, വരിക: വടക്കേദേശംവിട്ട് ഓടിപ്പൊയ്ക്കൊൾക; ഞാൻ നിങ്ങളെ ആകാശത്തിലെ നാലു കാറ്റുകളിലും ചിതറിച്ചുകളഞ്ഞുവല്ലോ” എന്ന് യഹോവയുടെ അരുളപ്പാട്.
7“സീയോനേ, വരിക! ബാബേൽപുത്രിയിൽ വസിക്കുന്നവരേ, ഓടിപ്പൊയ്ക്കൊൾക!” 8കാരണം സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്നെ കൊള്ളയടിച്ച രാജ്യങ്ങളുടെനേരേ, തേജോമയൻ എന്നെ അയച്ചിരിക്കുന്നു. നിന്നെ തൊടുന്നവർ അവിടത്തെ കൺമണിയെയാണു തൊടുന്നത്. 9അവരുടെ അടിമകൾ അവരെ കൊള്ളയടിക്കത്തക്കവണ്ണം ഞാൻ അവർക്കുനേരേ എന്റെ കൈ ഉയർത്തും; സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.
10“സീയോൻപുത്രീ, ആനന്ദിച്ചാർപ്പിടുക; ഞാൻ വരുന്നു; ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 11“അനേക ജനതകൾ ആ ദിവസത്തിൽ യഹോവയോടുചേർന്ന് എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും. സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും. 12വിശുദ്ധഭൂമിയിൽ യെഹൂദാ യഹോവയുടെ ഓഹരിയും അവകാശവുമായിരിക്കും. അവിടന്ന് വീണ്ടും ജെറുശലേമിനെ തെരഞ്ഞെടുക്കും. 13സകലമനുഷ്യരുമേ, യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എഴുന്നള്ളിയിരിക്കുകയാൽ അവിടത്തെ മുമ്പിൽ നിശ്ശബ്ദരായിരിക്കുക.”
Currently Selected:
സെഖര്യാവ് 2: MCV
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.