YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 137

137
സങ്കീർത്തനം 137
1ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു
സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞുപോയി.
2അവിടെ അലരിവൃക്ഷങ്ങളിൽ
ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു,
3കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു,
“സീയോൻഗീതങ്ങളിലൊന്ന് ഞങ്ങൾക്കായി ആലപിക്കുക,
ആനന്ദഗാനങ്ങളിൽ ഒന്നുതന്നെ,” ഞങ്ങളുടെ പീഡകർ ആജ്ഞാപിച്ചു.
4ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ
യഹോവയുടെ ഗാനങ്ങൾ ഞങ്ങൾക്ക് ആലപിക്കാൻ കഴിയുന്നതെങ്ങനെ?
5ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ,
എന്റെ വലതുകരം അതിന്റെ വൈദഗ്ദ്ധ്യം മറന്നുപോകട്ടെ.
6ഞാൻ നിന്നെ ഓർക്കാതെപോയാൽ,
എന്റെ പരമാനന്ദമായ
ജെറുശലേമിനെ കരുതാതെപോയാൽ
എന്റെ നാവ് മേലണ്ണാക്കിനോട് ഒട്ടിച്ചേരട്ടെ.
7യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ,
ഏദോമ്യർ ചെയ്തത് എന്താണെന്നോർക്കണമേ.
“ഇടിച്ചുനിരത്തുക,” അവർ ആക്രോശിച്ചു,
“അതിന്റെ അടിത്തറവരെയും തോണ്ടിയെടുക്കുക!”
8ബാബേൽപുത്രീ, നശിപ്പിക്കപ്പെടാൻ പോകുന്നവളേ,
നീ ഞങ്ങളോടു ചെയ്തതിനൊക്കെ
പകരം വീട്ടുന്നവർ ധന്യർ.
9നിന്റെ കുഞ്ഞുങ്ങളെ അപഹരിക്കുന്നവർ ധന്യർ;
അവരെ പാറമേൽ ആഞ്ഞടിക്കുന്നവരും!

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീർത്തനങ്ങൾ 137