നെഹെമ്യാവ് 8:1-8
നെഹെമ്യാവ് 8:1-8 MCV
ജനമെല്ലാം ഏകമനസ്സോടെ ജലകവാടത്തിനുമുമ്പിലുള്ള ചത്വരത്തിൽ വന്നുകൂടി. യഹോവ ഇസ്രായേലിനു കൽപ്പിച്ചുനൽകിയതായ മോശയുടെ ന്യായപ്രമാണഗ്രന്ഥം കൊണ്ടുവരാൻ അവർ ന്യായപ്രമാണോപദേഷ്ടാവുമായ എസ്രായോടു പറഞ്ഞു. അങ്ങനെ ഏഴാംമാസം ഒന്നാംതീയതി പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിക്കാൻ കഴിവുള്ളവരും അടങ്ങിയ ആ കൂട്ടത്തിലേക്ക് എസ്രാപുരോഹിതൻ ന്യായപ്രമാണം കൊണ്ടുവന്നു. ജലകവാടത്തിനുമുമ്പിലെ ചത്വരത്തിലേക്കു തിരിഞ്ഞ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും ഗ്രഹിക്കാൻ കഴിവുള്ള ആൾക്കാരുടെയും മുമ്പാകെ അദ്ദേഹം അതിരാവിലെമുതൽ ഉച്ചവരെ അതിൽനിന്നു വായിച്ചു; ജനമെല്ലാം ന്യായപ്രമാണഗ്രന്ഥം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. ഈ കാര്യത്തിനായി ഉണ്ടാക്കിയ മരംകൊണ്ടുള്ള ഉയർന്ന ഒരു പീഠത്തിൽ ന്യായപ്രമാണോപദേഷ്ടാവായ എസ്രാ കയറിനിന്നു. അദ്ദേഹത്തിന്റെ അടുത്ത് വലതുഭാഗത്ത് മത്ഥിഥ്യാവ്, ശേമാ, അനായാവ്, ഊരിയാവ്, ഹിൽക്കിയാവ്, മയസേയാവ് എന്നിവരും ഇടതുഭാഗത്ത് പെദായാവ്, മീശായേൽ, മൽക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നിരുന്നു. എല്ലാവരെക്കാളും ഉയരത്തിലായിരുന്നു എസ്രാ നിന്നിരുന്നത്. അവിടെ നിന്ന് സർവജനവും കാൺകെ അദ്ദേഹം പുസ്തകം തുറന്നു. അദ്ദേഹം അതു തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. മഹാദൈവമായ യഹോവയെ എസ്രാ സ്തുതിച്ചു; “ആമേൻ! ആമേൻ!” എന്നു ജനമെല്ലാം കൈയുയർത്തി പ്രതിവചിച്ചുകൊണ്ട് വളരെ കുനിഞ്ഞ് മുഖം നിലത്തോടടുപ്പിച്ച് യഹോവയെ ആരാധിച്ചു. ജനം അവരുടെ സ്ഥാനത്തു നിൽക്കുമ്പോൾത്തന്നെ യേശുവ, ബാനി, ശേരെബ്യാവ്, യാമിൻ, അക്കൂബ്, ശബ്ബെഥായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ് എന്നിവരും ലേവ്യരും ജനത്തിനു ന്യായപ്രമാണം വിവരിച്ചുകൊടുത്തു. അവർ ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ച് ജനങ്ങൾക്കതു മനസ്സിലാകേണ്ടതിന് വ്യാഖ്യാനിക്കുകയും അതിന്റെ അർഥം വിശദീകരിക്കുകയും ചെയ്തു.