YouVersion Logo
Search Icon

മത്തായി 9

9
യേശു പക്ഷാഘാതമുള്ള വ്യക്തിയെ സൗഖ്യമാക്കുന്നു
1യേശു ഒരു വള്ളത്തിൽ കയറി അക്കരെ സ്വന്തം പട്ടണത്തിൽ എത്തി. 2ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയോടെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷാഘാതരോഗിയോട്, “മകനേ, ധൈര്യപ്പെടുക; നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
3ഇതു കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു.
4യേശു അവരുടെ മനോവ്യാപാരം അറിഞ്ഞിട്ട്, “നിങ്ങളുടെ ഹൃദയത്തിൽ ദുഷ്ടത ചിന്തിക്കുന്നതെന്ത്? 5‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു!’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക!’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്ന് വേദജ്ഞരോട് ചോദിച്ചു. 6“എന്നാൽ മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു. 7ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി. 8ജനസമൂഹം ഇതുകണ്ട് ഭയപ്പെട്ടു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നൽകിയ ദൈവത്തെ പുകഴ്ത്തി.
മത്തായിയെ വിളിക്കുന്നു
9യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു. മത്തായി എഴുന്നേറ്റ് അദ്ദേഹത്തെ അനുഗമിച്ചു.
10പിന്നീടൊരിക്കൽ യേശു മത്തായിയുടെ ഭവനത്തിൽ, വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് വിരുന്നിന് അദ്ദേഹത്തോടും ശിഷ്യന്മാരോടുമൊപ്പം അനേകം നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും#9:10 മൂ.ഭാ. പാപികൾ ഉണ്ടായിരുന്നു. 11ഇതുകണ്ട പരീശന്മാർ യേശുവിന്റെ ശിഷ്യന്മാരോട്, “നിങ്ങളുടെ ഗുരു നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
12ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. 13‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’#9:13 ഹോശ. 6:6 എന്നതിന്റെ അർഥം എന്തെന്നു നിങ്ങൾ പോയി പഠിക്കുക. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
ഉപവാസം
14അപ്പോൾ യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ വന്ന് യേശുവിനോട്, “ഞങ്ങളും പരീശന്മാരും പലപ്പോഴും ഉപവസിക്കുന്നു; എന്നാൽ, അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?” എന്നു ചോദിച്ചു.
15അതിനു മറുപടിയായി യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് വിലപിക്കാൻ കഴിയുന്നതെങ്ങനെ? മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അപ്പോൾ അവർ ഉപവസിക്കും.
16“ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെചെയ്താൽ ആ തുണ്ട് ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയും ചെയ്യും. 17ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ ആ തുകൽക്കുടങ്ങൾ പൊട്ടി വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. അവർ പുതിയ വീഞ്ഞു പുതിയ തുകൽക്കുടങ്ങളിൽത്തന്നെ പകർന്നുവെക്കുന്നു. അപ്പോൾ രണ്ടും ഭദ്രമായിരിക്കും.”
രോഗിയായ സ്ത്രീയെ സൗഖ്യമാക്കുന്നു
18യേശു ഇങ്ങനെ സംവദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യെഹൂദപ്പള്ളിമുഖ്യൻ അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “എന്റെ മകൾ ഇപ്പോൾ മരിച്ചുപോയി. അങ്ങ് വന്ന് അവളുടെമേൽ കൈവെക്കണമേ; എന്നാൽ അവൾ ജീവിക്കും” എന്നു പറഞ്ഞു. 19യേശു എഴുന്നേറ്റ് അയാളോടൊപ്പം പോയി; ശിഷ്യന്മാരും അനുഗമിച്ചു.
20അപ്പോൾത്തന്നെ, പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ യേശുവിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു. 21“അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിലെങ്കിലും തൊട്ടാൽ എനിക്കു സൗഖ്യം ലഭിക്കും,” എന്ന് അവൾ ഉള്ളിൽ പറഞ്ഞിരുന്നു.
22യേശു തിരിഞ്ഞ് അവളെ നോക്കി, “മോളേ, ധൈര്യമായിരിക്കൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷംമുതൽ അവൾ സൗഖ്യമുള്ളവളായിത്തീർന്നു.
23യേശു പള്ളിമുഖ്യന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ ഓടക്കുഴൽ വായിക്കുന്നവരെയും കരഞ്ഞ് ബഹളം കൂട്ടുന്ന ജനസമൂഹത്തെയും കണ്ട്, 24“ഇവിടെനിന്ന് മാറിനിൽക്കൂ, കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. അവരോ അദ്ദേഹത്തെ പരിഹസിച്ചു. 25ജനക്കൂട്ടത്തെ പുറത്താക്കിയശേഷം യേശു അകത്തുചെന്ന് കുട്ടിയെ കൈക്കുപിടിച്ച് ഉയർത്തി. അവൾ എഴുന്നേറ്റു. 26ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിച്ചു.
അന്ധരെയും ഊമയെയും സൗഖ്യമാക്കുന്നു
27യേശു അവിടെനിന്നു പോകുമ്പോൾ, “ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചുകൊണ്ട് രണ്ട് അന്ധന്മാർ അദ്ദേഹത്തെ അനുഗമിച്ചു.
28യേശു ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അദ്ദേഹത്തെ സമീപിച്ചു. യേശു അവരോട്, “എനിക്കിതു ചെയ്യാൻ കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നോ?” എന്നു ചോദിച്ചു.
“തീർച്ചയായും, കർത്താവേ,” അവർ ഉത്തരം പറഞ്ഞു.
29അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ടുകൊണ്ട്, “നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. 30ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു. യേശു അവരോട്, “നോക്കൂ, ഇതാരും അറിയരുത്” എന്ന കർശനനിർദേശവും നൽകി. 31എന്നാൽ അവർ പോയി അദ്ദേഹത്തെക്കുറിച്ചുള്ള ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിപ്പിച്ചു.
32അവർ പോകുമ്പോൾ ചിലർ ഊമയായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. 33യേശു ഭൂതത്തെ പുറത്താക്കിക്കഴിഞ്ഞപ്പോൾ, ഊമൻ സംസാരിച്ചു. ജനസഞ്ചയം ആശ്ചര്യപ്പെട്ടു, “ഇങ്ങനെയൊന്ന് ഇസ്രായേലിൽ സംഭവിച്ചിട്ടേയില്ല” എന്നു പറഞ്ഞു.
34എന്നാൽ പരീശന്മാരാകട്ടെ, “ഇദ്ദേഹം ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യിക്കുന്നത്” എന്നു പറഞ്ഞു.
വേലക്കാർ ചുരുക്കം
35യേശു അവിടെയുള്ള എല്ലാ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച്, യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തു. 36ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡിതരും നിസ്സഹായരും ആയിരിക്കുന്നതുകണ്ട് യേശുവിന് അവരോടു സഹതാപം തോന്നി. 37അപ്പോൾ യേശു ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. 38അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു.

Currently Selected:

മത്തായി 9: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy