YouVersion Logo
Search Icon

മത്തായി 6:19-29

മത്തായി 6:19-29 MCV

“കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്; പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക. നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും. “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും. കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും! “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം. “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ? ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

Free Reading Plans and Devotionals related to മത്തായി 6:19-29