യിരെമ്യാവ് 27
27
യെഹൂദാ നെബൂഖദ്നേസരിനെ സേവിക്കുന്നു
1യെഹൂദാരാജാവായ യോശിയാവിന്റെ മകനായ സിദെക്കീയാവിന്റെ#27:1 ചി.കൈ.പ്ര. യെഹോയാക്കീം; മിക്ക കൈ.പ്ര. ഈ വാക്യം കാണുന്നില്ല. ഭരണത്തിന്റെ ആരംഭത്തിൽ യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി. 2യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ നിനക്കായി കയറും നുകവും ഉണ്ടാക്കി അവയെ നിന്റെ കഴുത്തിൽ വെക്കുക. 3അതിനുശേഷം യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ ജെറുശലേമിലേക്കു വരുന്ന സ്ഥാനപതികളുടെ പക്കൽ ഏദോം രാജാവിനും മോവാബ് രാജാവിനും അമ്മോന്യരുടെ രാജാവിനും സോർ രാജാവിനും സീദോൻ രാജാവിനും ഒരു സന്ദേശം കൊടുത്തയയ്ക്കുക. 4അവരോട് തങ്ങളുടെ യജമാനന്മാരുടെ അടുക്കൽപോയി ഇപ്രകാരം പറയാൻ കൽപ്പിക്കുക, ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ യജമാനന്മാരോട് ഇപ്രകാരം പറയുക: 5എന്റെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ഞാൻ ഭൂമുഖത്തുള്ള മനുഷ്യനെയും മൃഗങ്ങളെയും സൃഷ്ടിച്ചു. എനിക്ക് ഇഷ്ടമുള്ളവന് ഞാൻ അതു കൊടുക്കും. 6ഇപ്പോൾ ഞാൻ നിങ്ങളുടെ ഈ രാജ്യങ്ങളെല്ലാം എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസെറിനു നൽകും; ഞാൻ വന്യമൃഗങ്ങളെപ്പോലും അവന്റെ നിയന്ത്രണത്തിലാക്കിക്കൊടുക്കും. 7എല്ലാ രാഷ്ട്രങ്ങളും അവനെയും പുത്രനെയും പൗത്രനെയും ദേശത്തിന്മേൽ അവന്റെ കാലാവധി കഴിയുംവരെയും സേവിക്കും; അതിനുശേഷം അനേകം രാഷ്ട്രങ്ങളും മഹാന്മാരായ രാജാക്കന്മാരും അവനെ കീഴ്പ്പെടുത്തും.
8“ ‘ “ബാബേൽരാജാവായ നെബൂഖദ്നേസരിനെത്തന്നെ, സേവിക്കാതെയും ബാബേൽരാജാവിന്റെ നുകത്തിൻകീഴിൽ തങ്ങളുടെ കഴുത്തു വെച്ചുകൊടുക്കാതെയുമിരിക്കുന്ന രാഷ്ട്രത്തെയും രാജ്യത്തെയും ഞാൻ അവന്റെ കൈയാൽ നശിപ്പിച്ചുകളയുന്നതുവരെയും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും, എന്ന് യഹോവയുടെ അരുളപ്പാട്. 9‘നിങ്ങൾ ബാബേൽരാജാവിനെ സേവിക്കുകയില്ല,’ എന്നു നിങ്ങളോടു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും സ്വപ്നവ്യാഖ്യാനികളുടെയും വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും വാക്കുകൾ നിങ്ങൾ കേൾക്കരുത്. 10നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു നീക്കിക്കളയുന്നതിന് അവർ നിങ്ങളോടു വ്യാജം പ്രവചിക്കുന്നു; ഞാൻ നിങ്ങളെ നാടുകടത്തുകയും നിങ്ങൾ നശിച്ചുപോകുകയും ചെയ്യും. 11എന്നാൽ ബാബേൽരാജാവിന്റെ നുകത്തിനു കഴുത്തു കീഴ്പ്പെടുത്തുകയും അവനെ സേവിക്കുകയുംചെയ്യുന്ന ജനതയെ ഞാൻ അവരുടെ ദേശത്തുതന്നെ പാർപ്പിക്കും. അവർ അതിൽ കൃഷിചെയ്ത് അവിടെ വസിക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു.” ’ ”
12ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനും ഈ സന്ദേശംതന്നെ നൽകി. ഞാൻ പറഞ്ഞു, “നിന്റെ കഴുത്തിനെ ബാബേൽരാജാവായ നെബൂഖദ്നേസെറിന്റെ നുകത്തിനു കീഴ്പ്പെടുത്തി അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജനത്തെയും സേവിക്കുക, അങ്ങനെയായാൽ നീ ജീവിക്കും. 13ബാബേൽരാജാവിനെ സേവിക്കാത്ത രാജ്യത്തെക്കുറിച്ചു യഹോവ അരുളിച്ചെയ്തിട്ടുള്ളതുപോലെ താങ്കളും താങ്കളുടെ ജനവും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും നശിക്കുന്നതെന്തിന്? 14‘താങ്കൾ ബാബേൽരാജാവിനെ സേവിക്കുകയില്ല,’ എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ അങ്ങയോടു വ്യാജമത്രേ പ്രവചിക്കുന്നത്. 15‘ഞാൻ അവരെ അയച്ചിട്ടില്ല, ഞാൻ നിന്നെ നീക്കിക്കളഞ്ഞിട്ട് നീയും നിന്നോടു പ്രവചിക്കുന്ന ഈ പ്രവാചകന്മാരും നശിച്ചുപോകേണ്ടതിന് അവർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുകയാണ് ചെയ്യുന്നത്,’ എന്ന് യഹോവയുടെ അരുളപ്പാട്.”
16അതിനുശേഷം ഞാൻ പുരോഹിതന്മാരോടും സകലജനത്തോടും ഇപ്രകാരം സംസാരിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ആലയത്തിലെ പാത്രങ്ങൾ അധികം താമസിക്കാതെ ബാബേലിൽനിന്ന് കൊണ്ടുവരപ്പെടും,’ എന്ന് നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു നിങ്ങൾ കേൾക്കരുത്. അവർ നിങ്ങളോടു വ്യാജമത്രേ പ്രവചിക്കുന്നത്. 17അവരെ ശ്രദ്ധിക്കരുത്. ബാബേൽരാജാവിനെ സേവിക്കുക, അങ്ങനെയായാൽ നീ ജീവിക്കും. ഈ നഗരം ഒരു കൽക്കൂമ്പാരമായിത്തീരുന്നത് എന്തിന്? 18അവർ പ്രവാചകന്മാരാണെങ്കിൽ, യഹോവയുടെ വചനം അവരുടെപക്കൽ ഉണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ കൊട്ടാരത്തിലും ജെറുശലേമിലും ശേഷിച്ചിട്ടുള്ള ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കാൻവേണ്ടി അവർ സൈന്യങ്ങളുടെ യഹോവയോട് അപേക്ഷിക്കട്ടെ. 19-20ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാരാജാവായ യെഹോയാഖീന്റെ#27:19-20 മൂ.ഭാ. യെഖൊന്യാവ്, യെഹോയാഖീം എന്നതിന്റെ മറ്റൊരുരൂപം. മകനായ യെഹോയാക്കീമിനെയും യെഹൂദ്യയിലെയും ജെറുശലേമിലെയും പ്രഭുക്കന്മാരെയും ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയപ്പോൾ, അദ്ദേഹം കൊണ്ടുപോകാതിരുന്നിട്ടുള്ള ചലിപ്പിക്കാവുന്ന സ്തംഭങ്ങൾ, വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണി, ചലിപ്പിക്കാവുന്ന പീഠങ്ങൾ എന്നിവയെക്കുറിച്ചും ഈ നഗരത്തിൽ ശേഷിച്ചിട്ടുള്ള ഉപകരണങ്ങളെക്കുറിച്ചും സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. 21അതേ, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ കൊട്ടാരത്തിലും ജെറുശലേമിലും ശേഷിക്കുന്ന ഉപകരണങ്ങളെപ്പറ്റി ഇപ്രകാരം അരുളിച്ചെയ്യുന്നു: 22‘അവർ ബാബേലിലേക്ക് എടുത്തുകൊണ്ടുപോകപ്പെടും, ഞാൻ അവർക്കുവേണ്ടി വരുന്ന നാൾവരെ അവർ അവിടെ ആയിരിക്കും, അതിനുശേഷം ഞാൻ അവരെ ഈ സ്ഥലത്തേക്കു തിരികെവരുത്തി ഈ ദേശത്തിനു മടക്കി നൽകും’ എന്ന് യഹോവയുടെ അരുളപ്പാട്.”
Currently Selected:
യിരെമ്യാവ് 27: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.