ന്യായാധിപന്മാർ 21
21
ബെന്യാമീന്യരുടെ ഭാര്യമാർ
1ഇസ്രായേല്യർ മിസ്പായിൽവെച്ച് ഇപ്രകാരം ശപഥംചെയ്തിരുന്നു; “നമ്മിൽ ആരും നമ്മുടെ പുത്രിയെ ഒരു ബെന്യാമീന്യനു ഭാര്യയായി കൊടുക്കരുത്.”
2ജനം ബേഥേലിലേക്കുപോയി,#21:2 അഥവാ, ദൈവഭവനത്തിലേക്കുപോയി അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ വിലപിച്ചു. 3“ഇസ്രായേലിന്റെ ദൈവമായ യഹോവേ, ഇസ്രായേലിന് ഇങ്ങനെ സംഭവിച്ചതെന്ത്? ഇസ്രായേലിൽ ഒരു ഗോത്രം ഇന്ന് ഇല്ലാതായിപ്പോകുമല്ലോ,” അവർ പറഞ്ഞു.
4പിറ്റേദിവസം അതിരാവിലെ ജനം എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
5പിന്നെ ഇസ്രായേൽമക്കൾ: “എല്ലാ ഇസ്രായേൽ ഗോത്രങ്ങളിൽനിന്നും ഇവിടെ യഹോവയുടെ സന്നിധിയിൽ വന്നുചേരാത്തരായി ആരെങ്കിലും ഉണ്ടോ?” എന്ന് അന്വേഷിച്ചു. മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വരാത്തവർക്ക് മരണശിക്ഷനൽകണം എന്ന് അവർ ശപഥംചെയ്തിരുന്നു.
6തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് ഇസ്രായേൽമക്കൾക്ക് അനുകമ്പതോന്നി. “ഇന്ന് ഇസ്രായേലിൽനിന്ന് ഒരു ഗോത്രം ഛേദിക്കപ്പെട്ടിരുന്നു. 7ശേഷിച്ചിരിക്കുന്നവർക്കു നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതെന്ന് നാം യഹോവയുടെ നാമത്തിൽ സത്യവും ചെയ്തിരിക്കുന്നു. ഇനി അവർക്കു ഭാര്യമാരെ ലഭിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു. 8“ഇസ്രായേൽ ഗോത്രങ്ങളിൽനിന്നു മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വരാത്തവർ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ അന്വേഷിച്ചു. ഗിലെയാദിലെ യാബേശിൽനിന്നുള്ളവർ ആരും പാളയത്തിൽ സമ്മേളിച്ചിരുന്നില്ലെന്ന് അവർ മനസ്സിലാക്കി. 9ജനത്തെ എണ്ണിനോക്കിയപ്പോൾ ഗിലെയാദിലെ യാബേശ് നിവാസികൾ ആരും വന്നിട്ടില്ല എന്നുകണ്ടു.
10അപ്പോൾ ആ സമൂഹം പന്തീരായിരം യോദ്ധാക്കളെ അവിടേക്കു നിയോഗിച്ച്, അവരോടു കൽപ്പിച്ചു: “നിങ്ങൾ ഗിലെയാദിലെ യാബേശിലേക്കുചെന്ന് അതിലുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരെയും വാൾകൊണ്ടു കൊല്ലുക.” 11നിങ്ങൾ ഇപ്രകാരമാണു ചെയ്യേണ്ടത്: “സകലപുരുഷന്മാരെയും പുരുഷനോടുകൂടെ കിടക്കപങ്കിട്ടിട്ടുള്ള സകലസ്ത്രീകളെയും കൊല്ലണം.” 12അങ്ങനെ അവർ ചെയ്തു. ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷനുമായി കിടക്കപങ്കിട്ടു പുരുഷസംസർഗം ചെയ്തിട്ടില്ലാത്ത നാനൂറ് യുവതികളെ കണ്ടെത്തി അവരെ കനാൻദേശത്തു ശീലോവിലെ പാളയത്തിലേക്കു കൊണ്ടുവന്നു.
13അപ്പോൾ സമൂഹം മുഴുവനും ഒന്നുചേർന്ന് രിമ്മോൻപാറയിലെ ബെന്യാമീന്യരുടെ അടുക്കൽ ആളയച്ച് അവരോട് സമാധാനം പ്രഖ്യാപിച്ചു. 14ആ ബെന്യാമീന്യർ മടങ്ങിവന്നു. ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്കു കൊടുത്തു; എന്നാൽ എല്ലാവർക്കും തികഞ്ഞില്ല.
15യഹോവ ഇസ്രായേൽഗോത്രങ്ങളിൽ ഒരു ഛിദ്രം വരുത്തിയതുകൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു. 16അതുകൊണ്ട് ജനത്തിലെ നേതാക്കന്മാർ പറഞ്ഞു: “ശേഷിച്ചവർക്കുകൂടെ സ്ത്രീകളെ കിട്ടേണ്ടതിനു നാം എന്താണ് ചെയ്യേണ്ടത്? ബെന്യാമീൻഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെയായിരിക്കുന്നു. 17ഇസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചുപോകാതിരിക്കേണ്ടതിന് ബെന്യാമീൻഗോത്രക്കാരിൽ ശേഷിച്ചവർക്ക് അവരുടെ ഓഹരി നിലനിർത്തണമല്ലോ. 18‘ബെന്യാമീന്യർക്കു ഭാര്യയെ നൽകുന്നവൻ ശപിക്കപ്പെട്ടവൻ,’ എന്ന് ഇസ്രായേൽമക്കൾ ശപഥംചെയ്തിരിക്കുന്നതിനാൽ നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി നൽകാനും സാധ്യമല്ല. 19അപ്പോൾ അവർ പറഞ്ഞു: ബെഥുവേലിനു വടക്കും ബേഥേലിൽനിന്നു ശേഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കുമുള്ള ശീലോവിൽ വർഷംതോറും യഹോവയുടെ ഉത്സവം ആഘോഷിക്കാറുണ്ടല്ലോ.”
20അവർ ബെന്യാമീന്യരോടു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ മുന്തിരിത്തോപ്പുകളിൽചെന്ന് ഒളിച്ചു 21കാത്തിരിക്കുക. ശീലോവിലെ കന്യകമാർ നൃത്തക്കാരോടു ചേരുന്നതിനു പുറത്തേക്കുവരുമ്പോൾ നിങ്ങൾ മുന്തിരിത്തോപ്പിൽനിന്നു പുറത്തുവന്ന് ഓരോരുത്തരും അവരവരുടെ ഭാര്യയാക്കുന്നതിനു ശീലോവിലെ കന്യകമാരിൽനിന്നു ഓരോരുത്തരെ പിടിച്ച് ബെന്യാമീൻദേശത്തേക്കു കൊണ്ടുപോകുക. 22അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളോടു വന്നു പരാതിപറഞ്ഞാൽ ഞങ്ങൾ അവരോട്, ‘നിങ്ങൾ അവരെ ഞങ്ങൾക്കു ദാനംചെയ്തതുപോലെ ഇരിക്കട്ടെ; യുദ്ധത്തിൽ അവർക്കു ഭാര്യമാരെ ലഭിച്ചില്ല, നിങ്ങൾ അവർക്കു കൊടുത്തതുമില്ല. കൊടുക്കാതിരുന്നതിനാൽ നിങ്ങൾ ഇന്നു കുറ്റക്കാരല്ല’ എന്നു പറഞ്ഞുകൊള്ളാം.”
23ബെന്യാമീന്യർ അപ്രകാരംചെയ്തു. നൃത്തത്തിനുവരുന്ന യുവതികളെ തങ്ങളുടെ എണ്ണത്തിനനുസരിച്ചു പിടിച്ചു ഭാര്യമാരായി കൊണ്ടുപോയി. അവർ തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്ന് അവിടെ വീണ്ടും പട്ടണങ്ങൾ പണിത് അവയിൽ വസിച്ചു.
24ഇസ്രായേൽമക്കളും അവിടംവിട്ട് ഓരോരുത്തരും തങ്ങളുടെ അവകാശഭൂമിയിലേക്കും ഗോത്രത്തിലേക്കും വീട്ടിലേക്കും മടങ്ങി.
25ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.
Currently Selected:
ന്യായാധിപന്മാർ 21: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.