YouVersion Logo
Search Icon

യെശയ്യാവ് 43:1-13

യെശയ്യാവ് 43:1-13 MCV

ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തിയവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഭയപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്റേതാണ്. നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ, ഞാൻ നിന്നോടൊപ്പമുണ്ടാകും; നദികളിൽക്കൂടി കടക്കുമ്പോൾ, അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല. തീയിൽക്കൂടി നീ നടന്നാൽ, നിനക്കു പൊള്ളൽ ഏൽക്കുകയില്ല; തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു, നിന്റെ രക്ഷകനായ ഇസ്രായേലിന്റെ പരിശുദ്ധൻതന്നെ. ഞാൻ ഈജിപ്റ്റിനെ നിന്റെ വീണ്ടെടുപ്പുവിലയായും കൂശിനെയും സേബയെയും നിനക്കു പകരമായും നൽകിയിരിക്കുന്നു. നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും ഞാൻ നിന്നെ സ്നേഹിക്കുകയാലും ഞാൻ നിനക്കുപകരം മനുഷ്യരെയും നിന്റെ ജീവനുപകരം രാഷ്ട്രങ്ങളെയും കൊടുക്കുന്നു. ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്റെ സന്തതിയെ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും. ഞാൻ വടക്കിനോട്, ‘അവരെ വിട്ടയയ്ക്കുക’ എന്നും തെക്കിനോട്, ‘അവരെ തടഞ്ഞുവെക്കരുത്’ എന്നും കൽപ്പിക്കും. എന്റെ പുത്രന്മാരെ ദൂരത്തുനിന്നും എന്റെ പുത്രിമാരെ ഭൂമിയുടെ അറ്റത്തുനിന്നും കൊണ്ടുവരിക— എന്റെ പേരിൽ വിളിക്കപ്പെട്ടും എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചും ഞാൻതന്നെ രൂപപ്പെടുത്തിയുമിരിക്കുന്ന എല്ലാവരെയുംതന്നെ.” കണ്ണുണ്ടായിട്ടും അന്ധരായും ചെവിയുണ്ടായിട്ടും ബധിരരായും ഇരിക്കുന്നവരെ കൂട്ടിക്കൊണ്ടുവരിക. സകലരാഷ്ട്രങ്ങളും ഒരുമിച്ചു കൂടട്ടെ, ജനതകൾ ചേർന്നുവരട്ടെ. അവരിൽ ആരുടെ ദേവതകൾക്ക് ഇതു നമ്മെ അറിയിക്കാനും പൂർവകാര്യങ്ങൾ കാണിച്ചുതരുന്നതിനും കഴിയും? അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ, അവർ കേട്ടിട്ട്, “ഇതു സത്യംതന്നെ” എന്നു പറയട്ടെ. “നിങ്ങൾ എന്നെ അറിഞ്ഞു വിശ്വസിക്കേണ്ടതിനും അത് ഞാൻ ആകുന്നു എന്നു ഗ്രഹിക്കേണ്ടതിനും നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസരുമത്രേ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എനിക്കുമുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല, എനിക്കുശേഷം ആരും ഉണ്ടാകുകയുമില്ല. ഞാൻ, ഞാൻ ആകുന്നു യഹോവ, ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല. ഞാൻതന്നെയാണു വെളിപ്പെടുത്തുകയും രക്ഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത്; നിങ്ങളുടെ ഇടയിലുള്ള ഒരു അന്യദേവതയും ആയിരുന്നില്ല; നിങ്ങൾ എന്റെ സാക്ഷികൾതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ ആകുന്നു ദൈവം. നിത്യതമുതൽതന്നെ അതു ഞാൻ ആകുന്നു. എന്റെ കൈയിൽനിന്ന് വിടുവിക്കാൻ കഴിവുള്ള ആരുമില്ല. ഞാൻ പ്രവർത്തിക്കുമ്പോൾ, അതിനെ തടുക്കാൻ ആർക്കു കഴിയും?”

Free Reading Plans and Devotionals related to യെശയ്യാവ് 43:1-13