YouVersion Logo
Search Icon

2 പത്രോസ് 1:2-17

2 പത്രോസ് 1:2-17 MCV

ദൈവത്തെക്കുറിച്ചും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുമുള്ള പരിജ്ഞാനത്തിലൂടെ നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ. അവിടത്തെ ദിവ്യശക്തി, ഭക്തിപൂർവമായ ജീവിതത്തിന് ആവശ്യമായതെല്ലാം നമുക്കു നൽകിയിരിക്കുന്നു. അവ നമുക്കു ലഭിച്ചത് തേജസ്സിനാലും ശ്രേഷ്ഠതയാലും നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെയാണ്. ഇവയിലൂടെത്തന്നെയാണ് തന്റെ അമൂല്യവും മഹനീയവുമായ വാഗ്ദാനങ്ങളും അവിടന്ന് നമുക്കു നൽകിയത്. തന്മൂലം നിങ്ങൾക്ക് ദുർമോഹത്താൽ ഉണ്ടാകുന്ന ലോകമാലിന്യങ്ങളിൽനിന്ന് വിമുക്തരായി ദൈവികസ്വഭാവത്തിനു പങ്കാളികളായിത്തീരാൻ കഴിയും. ഈ കാരണത്താൽ, നിങ്ങൾ വിശ്വാസത്തോടു ധാർമികതയും ധാർമികതയോടു വിവേകവും വിവേകത്തോട് ആത്മസംയമവും ആത്മസംയമത്തോടു സഹിഷ്ണുതയും സഹിഷ്ണുതയോടു ഭക്തിയും ഭക്തിയോടു സാഹോദര്യവും സാഹോദര്യത്തോടു സ്നേഹവും കൂട്ടിച്ചേർക്കാൻ, ഉത്സാഹത്തോടെ സകലപ്രയത്നവും ചെയ്യുക. ഈ സദ്ഗുണങ്ങൾ നിങ്ങളിൽ വർധമാനമായിരുന്നാൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനരഹിതരും നിഷ്ഫലരും ആകാതെ ഇവ നിങ്ങളെ സംരക്ഷിക്കും. ഇവയില്ലാത്തവർ അന്ധരും തങ്ങൾ മുമ്പ് ചെയ്തുകൂട്ടിയ പാപങ്ങളിൽനിന്ന് ശുദ്ധീകരണം ലഭിച്ചു എന്ന വസ്തുത മറന്നിരിക്കുന്ന ഹ്രസ്വദൃഷ്ടികളുമാണ്. ആകയാൽ സഹോദരങ്ങളേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും സുസ്ഥിരമാക്കാൻ അത്യധികം ഉത്സാഹിക്കുക. ഇങ്ങനെ പ്രവർത്തിച്ചാൽ നിങ്ങൾ ഒരിക്കലും പാപത്തിൽ വഴുതിവീഴുകയില്ല. അങ്ങനെ നിങ്ങൾക്കു നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്ക് അതിമഹത്തായ ഒരു സ്വീകരണം ലഭിക്കും. നിങ്ങൾ ഈ കാര്യങ്ങൾ അറിയുകയും നിങ്ങളെ അഭ്യസിപ്പിച്ച സത്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. എങ്കിലും ഇവയെക്കുറിച്ചു നിങ്ങളെ സദാ ഓർമിപ്പിക്കാൻ ഞാൻ തൽപ്പരനാണ്. ഞാൻ, ഈ ശരീരമെന്ന കൂടാരത്തിൽ ജീവിക്കുന്നിടത്തോളം, ഈ കാര്യങ്ങൾ നിങ്ങളെ നിരന്തരം അനുസ്മരിപ്പിക്കുന്നത് യോഗ്യമെന്നു ഞാൻ കരുതുന്നു. കാരണം, നമ്മുടെ കർത്താവായ യേശുക്രിസ്തു എന്നോടു വ്യക്തമാക്കിയതുപോലെ, ഈ കൂടാരത്തിൽനിന്നു വിടപറയുന്നതിനുള്ള സമയം ആസന്നമായിരിക്കുന്നു എന്ന് എനിക്കറിയാം. എന്റെ വേർപാടിനുശേഷം നിങ്ങൾ ഈ കാര്യങ്ങളെല്ലാം എപ്പോഴും ഓർക്കുന്നതിന്, എന്നാൽ ആവുന്നവിധത്തിലുള്ള എല്ലാ പരിശ്രമങ്ങളും ഞാൻ ചെയ്യും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രഭാപൂർണമായ പുനരാഗമനം ഞങ്ങൾ നിങ്ങളെ അറിയിച്ചതു കൗശലത്തോടെ കെട്ടിച്ചമച്ച കഥകൾകൊണ്ടായിരുന്നില്ല; മറിച്ച്, ഞങ്ങൾ അവിടത്തെ പ്രതാപത്തിന് ദൃക്‌സാക്ഷികൾ ആയിരുന്നതുകൊണ്ടാണ്. “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ” എന്ന അശരീരി പരമോൽക്കൃഷ്ടമായ തേജസ്സിൽനിന്ന് ഉണ്ടായപ്പോൾ പിതാവായ ദൈവത്തിൽനിന്ന് അവിടത്തേക്ക് ബഹുമാനവും തേജസ്സും ലഭിച്ചു.

Free Reading Plans and Devotionals related to 2 പത്രോസ് 1:2-17