YouVersion Logo
Search Icon

1 ശമുവേൽ 5

5
പേടകം അശ്ദോദിലും എക്രോനിലും
1-2ഫെലിസ്ത്യർ ദൈവത്തിന്റെ പേടകം കൈവശപ്പെടുത്തിയതിനുശേഷം അവർ അതിനെ ഏബെൻ-ഏസെരിൽനിന്നും അശ്ദോദിലേക്കു കൊണ്ടുപോയി. അവർ അതിനെ ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്റെ ബിംബത്തിനടുത്തായി സ്ഥാപിച്ചു. 3പിറ്റേദിവസം പ്രഭാതത്തിൽ അശ്ദോദിലെ ജനം ഉണർന്നുനോക്കുമ്പോൾ, ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! അവർ ദാഗോനെ എടുത്ത് അവന്റെ പൂർവസ്ഥാനത്തുതന്നെ സ്ഥാപിച്ചു. 4തൊട്ടടുത്ത പ്രഭാതത്തിലും അവർ ഉണർന്നുവന്നപ്പോൾ ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! ദാഗോന്റെ തലയും കൈപ്പത്തികളും ഒടിഞ്ഞു വേർപെട്ട്, വാതിൽപ്പടിയിൽ വീണുകിടന്നിരുന്നു; ദാഗോന്റെ ഉടൽമാത്രം ശേഷിച്ചിരുന്നു. 5അതുകൊണ്ട് ഇന്നുവരെയും ദാഗോന്റെ പുരോഹിതന്മാരാകട്ടെ, അശ്ദോദിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന മറ്റുള്ളവരാകട്ടെ, ക്ഷേത്രത്തിന്റെ വാതിൽപ്പടിയിൽ ചവിട്ടാറില്ല.
6അശ്ദോദിലും സമീപഗ്രാമങ്ങളിലുമുള്ള ജനങ്ങളുടെമേൽ യഹോവയുടെ കൈ ഭാരമുള്ളതായിത്തീർന്നു. യഹോവ അവർക്കു നാശം വരുത്തുകയും മൂലക്കുരുക്കൾകൊണ്ട് അവരെ പീഡിപ്പിക്കുകയും ചെയ്തു. 7സംഭവിക്കുന്നതെന്താണെന്നു കണ്ടപ്പോൾ അശ്ദോദ് നിവാസികൾ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെ ഇടയിൽ ഇരുന്നുകൂടാ. കാരണം യഹോവയുടെ കൈ നമുക്കും നമ്മുടെ ദാഗോൻ ദേവനും ഭാരമേറിയതാണ്.” 8അതിനാൽ അവർ ഫെലിസ്ത്യഭരണാധിപന്മാരെയെല്ലാം വിളിച്ചുവരുത്തി, “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നാം എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു.
“ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം ഗത്തിലേക്കു മാറ്റാം,” എന്ന് അവർ മറുപടി പറഞ്ഞു. അങ്ങനെ അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം അവിടെനിന്ന് കൊണ്ടുപോയി.
9എന്നാൽ അവർ പേടകം ഗത്തിൽ കൊണ്ടുവന്നു കഴിഞ്ഞപ്പോൾ ആ നഗരത്തെ ആകമാനം സംഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് യഹോവയുടെ കൈ അതിനെതിരായും പ്രവർത്തിച്ചു. നഗരത്തിൽ സകലരെയും ബാധിക്കുന്ന മൂലക്കുരുക്കൾ പൊട്ടിപ്പുറപ്പെട്ടു. അങ്ങനെ യഹോവ ആ നഗരവാസികളായ ആബാലവൃദ്ധം ജനങ്ങളെയും പീഡിപ്പിച്ചു. 10അതിനാൽ അവർ പേടകം എക്രോനിലേക്കു കൊണ്ടുപോയി.
ദൈവത്തിന്റെ പേടകം എക്രോനിൽ പ്രവേശിച്ചപ്പോൾ അവിടത്തെ ജനങ്ങൾ നിലവിളിച്ചു: “നമ്മെയും നമ്മുടെ ജനത്തെയും കൊല്ലുന്നതിനായി അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം കൊണ്ടുവന്നിരിക്കുന്നു.” 11അവർ ഫെലിസ്ത്യരുടെ സകലഭരണാധിപന്മാരെയും കൂട്ടിവരുത്തിയിട്ട്, “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം മടക്കി അയയ്ക്കുക. അത് അതിന്റെ സ്ഥാനത്തേക്കുതന്നെ മടങ്ങിപ്പോകട്ടെ! ഇല്ലെങ്കിൽ അതു#5:11 അഥവാ, അവൻ നമ്മെയും നമ്മുടെ ജനത്തെയും കൊന്നുമുടിക്കും!” എന്നു പറഞ്ഞു. മരണവിഭ്രാന്തി ആ നഗരത്തെ ബാധിച്ചിരുന്നു. യഹോവയുടെ കൈ അവിടെയും അതിഭാരമായിരുന്നു. 12ജനത്തിൽ മരിക്കാതിരുന്നവർ മൂലക്കുരുക്കളാൽ പീഡിപ്പിക്കപ്പെട്ടു. ആ നഗരത്തിന്റെ നിലവിളി ആകാശംവരെ ഉയർന്നുചെന്നു.

Currently Selected:

1 ശമുവേൽ 5: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1 ശമുവേൽ 5