YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 9

9
സംഗീതപ്രമാണിക്കു പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;
നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും.
2ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും;
അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.
3എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു,
നിന്റെ സന്നിധിയിൽ നശിച്ചു പോകും.
4നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു;
നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു;
5നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു;
അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
6ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു;
അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു;
അവയുടെ ഓർമ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
7എന്നാൽ യഹോവ എന്നേക്കും വാഴുന്നു;
ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.
8അവൻ ലോകത്തെ നീതിയോടെ വിധിക്കും;
ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.
9യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം;
കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
10നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും;
യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
11സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ;
അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ.
12രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു;
എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.
13യഹോവേ, എന്നോടു കരുണയുണ്ടാകേണമേ;
മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ,
എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
14ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു
നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.
15ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണുപോയി;
അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു.
16യഹോവ തന്നേത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു;
ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും
പാതാളത്തിലേക്കു തിരിയും.
18ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല;
സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
19യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ;
ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
20യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നു
അവർക്കു ഭയം വരുത്തേണമേ. സേലാ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 9