YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 39

39
യെദൂഥൂൻ എന്ന സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം.
1നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാൻ
ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ
എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു.
2ഞാൻ ഉരിയാടാതെ ഊമനായിരുന്നു;
നന്മയെ ഗണ്യമാക്കാതെ മൗനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.
3എന്റെ ഉള്ളിൽ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കൽ തീ കത്തി;
അപ്പോൾ ഞാൻ നാവെടുത്തു സംസാരിച്ചു.
4യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ;
ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.
5ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു;
എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു;
ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
6മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം;
അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം;
അവൻ ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല.
7എന്നാൽ കർത്താവേ, ഞാൻ ഏതിന്നായി കാത്തിരിക്കുന്നു?
എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു.
8എന്റെ സകലലംഘനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ;
എന്നെ ഭോഷന്റെ നിന്ദയാക്കി വെക്കരുതേ.
9ഞാൻ വായ് തുറക്കാതെ ഊമനായിരുന്നു;
നീയല്ലോ അങ്ങനെ വരുത്തിയതു.
10നിന്റെ ബാധ എങ്കൽനിന്നു നീക്കേണമേ;
നിന്റെ കയ്യുടെ അടിയാൽ ഞാൻ ക്ഷയിച്ചിരിക്കുന്നു.
11അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോൾ
നീ അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു;
ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.
12യഹോവേ, എന്റെ പ്രാർത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ.
എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ;
ഞാൻ എന്റെ സകലപിതാക്കന്മാരെയും പോലെ
നിന്റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.
13ഞാൻ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ
ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 39