YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 38

38
ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനം.
1യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ.
ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.
2നിന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു;
നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു.
3നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തിൽ സൗഖ്യമില്ല;
എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.
4എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു;
ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.
5എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞുനാറുന്നു.
6ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു;
ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
7എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു;
എന്റെ ദേഹത്തിൽ സൗഖ്യമില്ല.
8ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു;
എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു.
9കർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പിൽ ഇരിക്കുന്നു.
എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
10എന്റെ നെഞ്ചിടിക്കുന്നു; ഞാൻ വശംകെട്ടിരിക്കുന്നു;
എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.
11എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു;
എന്റെ ചാർച്ചക്കാരും അകന്നുനില്ക്കുന്നു.
12എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കണിവെക്കുന്നു;
എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു;
അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.
13എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു;
വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
14ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും
വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.
15യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു;
എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും.
16അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു;
എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പു പറയുമല്ലോ.
17ഞാൻ ഇടറി വീഴുമാറായിരിക്കുന്നു;
എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
18ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു;
എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.
19എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ,
എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു.
20ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി
നന്മെക്കു പകരം തിന്മ ചെയ്യുന്നു.
21യഹോവേ, എന്നെ കൈവിടരുതേ;
എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.
22എന്റെ രക്ഷയാകുന്ന കർത്താവേ,
എന്റെ സഹായത്തിന്നു വേഗം വരേണമേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for സങ്കീർത്തനങ്ങൾ 38