YouVersion Logo
Search Icon

ഇയ്യോബ് 41

41
1 # സങ്കീർത്തനങ്ങൾ 74:14; 104:26; യെശയ്യാവു 27:1 മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ?
അതിന്റെ നാക്കു കയറുകൊണ്ടു അമർത്താമോ?
2അതിന്റെ മൂക്കിൽ കയറു കോർക്കാമോ?
അതിന്റെ അണയിൽ കൊളുത്തു കടത്താമോ?
3അതു നിന്നോടു ഏറിയ യാചന കഴിക്കുമോ?
സാവധാനവാക്കു നിന്നോടു പറയുമോ?
4അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു
അതു നിന്നോടു ഉടമ്പടി ചെയ്യുമോ?
5പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ?
അതിനെ പിടിച്ചു നിന്റെ ബാലമാർക്കായി കെട്ടിയിടുമോ?
6മീൻപിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ?
അതിനെ കച്ചവടക്കാർക്കു പകുത്തു വില്ക്കുമോ?
7നിനക്കു അതിന്റെ തോലിൽ നിറെച്ചു അസ്ത്രവും
തലയിൽ നിറെച്ചു ചാട്ടുളിയും തറെക്കാമോ?
8അതിനെ ഒന്നു തൊടുക; പോർ തിട്ടം എന്നു ഓർത്തുകൊൾക;
പിന്നെ നീ അതിന്നു തുനികയില്ല.
9അവന്റെ ആശെക്കു ഭംഗംവരുന്നു;
അതിനെ കാണുമ്പോൾ തന്നേ അവൻ വീണുപോകുമല്ലോ. 10അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല;
പിന്നെ എന്നോടു എതിർത്തുനില്ക്കുന്നവൻ ആർ?
11ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പുകൂട്ടി തന്നതാർ?
ആകാശത്തിൻ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?
12അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും
അതിന്റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കയില്ല.
13അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാർ?
അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയിൽ ആർ ചെല്ലും?
14അതിന്റെ മുഖത്തെ കതകു ആർ തുറക്കും?
അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.
15ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു;
അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു.
16അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല.
17ഒന്നോടൊന്നു ചേർന്നിരിക്കുന്നു;
വേർപ്പെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു.
18അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു;
അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
19അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും
തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു.
20തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും
എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു.
21അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;
അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു.
22അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു;
അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.
23അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു;
അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറെച്ചിരിക്കുന്നു.
24അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു;
തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.
25അതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു;
ഭയം ഹേതുവായിട്ടു അവർ പരവശരായ്തീരുന്നു.
26വാൾകൊണ്ടു അതിനെ എതിർക്കുന്നതു അസാദ്ധ്യം;
കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല
27ഇരിമ്പിനെ അതു വൈക്കോൽപോലെയും
താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
28അസ്ത്രം അതിനെ ഓടിക്കയില്ല;
കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.
29ഗദ അതിന്നു താളടിപോലെ തോന്നുന്നു;
വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.
30അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു;
അതു ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.
31കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു;
സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീർക്കുന്നു.
32അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു;
ആഴി നരെച്ചതുപോലെ തോന്നുന്നു.
33ഭൂമിയിൽ അതിന്നു തുല്യമായിട്ടൊന്നും ഇല്ല;
അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
34അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു;
മദിച്ച ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ഇയ്യോബ് 41