YouVersion Logo
Search Icon

ഇയ്യോബ് 40

40
1യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ:
2ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ?
ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ.
3അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:
4ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു?
ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.
5ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല.
രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.
6അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ:
7നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക;
ഞാൻ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.
8നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ?
നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?
9ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ?
അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?
10നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക.
തേജസ്സും പ്രഭാവവും ധരിച്ചുകൊൾക.
11നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;
ഏതു ഗർവ്വിയെയും നോക്കി താഴ്ത്തുക.
12ഏതു ഗർവ്വിയെയും നോക്കി കവിഴ്ത്തുക;
ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നേ വീഴ്ത്തിക്കളക.
13അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക;
അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.
14അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു
എന്നു ഞാനും നിന്നെ ശ്ലാഘിച്ചുപറയും.
15ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ;
അതു കാളയെപ്പോലെ പുല്ലുതിന്നുന്നു. 16അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും
അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.
17ദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു;
അതിന്റെ തുടയിലെ ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു.
18അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും
എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
19അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു;
അതിനെ ഉണ്ടാക്കിയവൻ അതിന്നു ഒരു വാൾ കൊടുത്തിരിക്കുന്നു.
20കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ
പർവ്വതങ്ങൾ അതിന്നു തീൻ വിളയിക്കുന്നു. 21അതു നീർമരുതിന്റെ ചുവട്ടിലും
ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
22നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു;
തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;
23നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല;
യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും.
24അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ?
അതിന്റെ മൂക്കിൽ കയർ കോർക്കാമോ?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in