YouVersion Logo
Search Icon

സങ്കീ. 103

103
യഹോവയെ വാഴ്ത്തുക
ദാവീദിന്‍റെ ഒരു സങ്കീർത്തനം.
1എൻ മനമേ, യഹോവയെ വാഴ്ത്തുക;
എന്‍റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
2എൻ മനമേ, യഹോവയെ വാഴ്ത്തുക;
അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്.
3ദൈവം നിന്‍റെ എല്ലാ അകൃത്യങ്ങളും മോചിക്കുന്നു;
നിന്‍റെ സകലരോഗങ്ങളും സൗഖ്യമാക്കുന്നു;
4കർത്താവ് നിന്‍റെ ജീവനെ നാശത്തിൽനിന്ന് വീണ്ടെടുക്കുന്നു;
അവിടുന്ന് സ്നേഹത്താലും കരുണയാലും എന്നെ അനുഗ്രഹിക്കുന്നു#103:4 അവിടുന്ന് സ്നേഹത്താലും കരുണയാലും എന്നെ അനുഗ്രഹിക്കുന്നു അവിടുന്ന് ദയയും കരുണയും നിന്നെ അണിയിക്കുന്നു.
5നിന്‍റെ യൗവനം കഴുകനെപ്പോലെ പുതുക്കപ്പെടുവാനായി
അവിടുന്ന് നിന്‍റെ വായെ നന്മകൊണ്ടു തൃപ്തിപ്പെടുത്തുന്നു.
6യഹോവ സകല പീഡിതന്മാർക്കും വേണ്ടി
നീതിയും ന്യായവും നടത്തുന്നു.
7ദൈവം തന്‍റെ വഴികൾ മോശെയെയും
തന്‍റെ പ്രവൃത്തികൾ യിസ്രായേൽമക്കളെയും അറിയിച്ചു.
8യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു;
ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ.
9ദൈവം എല്ലായ്‌പ്പോഴും ഭർത്സിക്കുകയില്ല;
എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല.
10ദൈവം നമ്മുടെ പാപങ്ങൾക്ക് തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല;
നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല.
11ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ
അവിടുത്തെ ദയ അവിടുത്തെ ഭക്തന്മാരോട് വലുതായിരിക്കുന്നു.
12ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ
ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.
13അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ
യഹോവയ്ക്ക് തന്‍റെ ഭക്തന്മാരോട് കരുണ തോന്നുന്നു.
14കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ;
നാം കേവലം പൊടി മാത്രം എന്നു അവിടുന്ന് ഓർക്കുന്നു.
15മനുഷ്യന്‍റെ ആയുസ്സ് പുല്ലുപോലെയാകുന്നു;
വയലിലെ പൂപോലെ അവൻ പൂക്കുന്നു.
16കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു;
അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല.
17യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും
തന്‍റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
18കർത്താവിന്‍റെ നിയമം പ്രമാണിക്കുന്നവർക്കും
അവിടുത്തെ കല്പനകൾ ഓർത്തു ആചരിക്കുന്നവർക്കും തന്നെ.
19യഹോവ തന്‍റെ സിംഹാസനം സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു;
അവിടുത്തെ രാജത്വം സകലത്തെയും അടക്കി ഭരിക്കുന്നു.
20ദൈവത്തിന്‍റെ വാക്കുകളുടെ ശബ്ദം കേട്ടു അവിടുത്തെ ആജ്ഞ അനുസരിക്കുന്ന ശക്തന്മാരായ
അവിടുത്തെ ദൂതന്മാരേ, യഹോവയെ വാഴ്ത്തുവിൻ.
21ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി
അവിടുത്തെ സകലസൈന്യങ്ങളുമേ, യഹോവയെ വാഴ്ത്തുവിൻ;
22ദൈവത്തിന്‍റെ അധികാരത്തിന്‍റെ കീഴിലുള്ള
കർത്താവിന്‍റെ കൈവേലയായ ഏവരുമേ, യഹോവയെ വാഴ്ത്തുവിൻ;
എൻ മനമേ, യഹോവയെ വാഴ്ത്തുക.

Currently Selected:

സങ്കീ. 103: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in