സദൃ. 26
26
1വേനൽകാലത്ത് ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ
ഭോഷന് ബഹുമാനം ചേർന്നതല്ല.
2പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ
കാരണംകൂടാതെ ശാപം ഫലിക്കുകയില്ല.
3കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ,
മൂഢന്മാരുടെ മുതുകിനു വടി.
4നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്
അവന്‍റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്.
5മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന്
അവന്‍റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക.
6മൂഢന്‍റെ കൈവശം വർത്തമാനം അയക്കുന്നവൻ
സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു.
7മൂഢന്മാരുടെ വായിലെ സദൃശവാക്യം
മുടന്തന്‍റെ കാൽ ഞാന്നു കിടക്കുന്നതുപോലെ.
8മൂഢന് ബഹുമാനം കൊടുക്കുന്നത്
കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ.
9മൂഢന്മാരുടെ വായിലെ സദൃശവാക്യം
മദ്യപന്‍റെ കയ്യിലെ മുള്ളുപോലെ.
10എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും,
മൂഢനെയും വഴിപോക്കരെയും കൂലിക്ക് നിർത്തുന്നവനും ഒരുപോലെ.
11നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും
മൂഢൻ തന്‍റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.
12തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ?
അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
13“വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്”
എന്നിങ്ങനെ മടിയൻ പറയുന്നു.
14കതക് വിജാഗിരിയിൽ എന്നപോലെ
മടിയൻ തന്‍റെ കിടക്കയിൽ തിരിയുന്നു.
15മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു;
വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം.
16ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും
താൻ ജ്ഞാനി എന്നു മടിയനു തോന്നുന്നു.
17തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ
വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ.
18കൂട്ടുകാരനെ വഞ്ചിച്ചിട്ട്
“അത് തമാശ” എന്നു പറയുന്ന മനുഷ്യൻ
19തീക്കൊള്ളികളും അമ്പുകളും
മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
20വിറക് ഇല്ലാതിരുന്നാൽ തീ കെട്ടുപോകും;
നുണയൻ ഇല്ലാതിരുന്നാൽ വഴക്കും ഇല്ലാതെയാകും.
21കരി കനലിനും വിറക് തീയ്ക്കും എന്നപോലെ
വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം.
22ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു;
അത് ശരീരത്തിന്‍റെ ഉള്ളറകളിലേക്ക് ചെല്ലുന്നു.
23ദുഷ്ടഹൃദയമുള്ളവന്‍റെ സ്നേഹം ജ്വലിക്കുന്ന അധരം
വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
24പകയുള്ളവൻ അധരം കൊണ്ടു വേഷം ധരിക്കുന്നു;
ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു.
25അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്;
അവന്‍റെ ഹൃദയത്തിൽ ഏഴു വെറുപ്പുണ്ട്.
26അവന്‍റെ പക കപടംകൊണ്ടു മറച്ചുവച്ചാലും
അവന്‍റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
27കുഴി കുഴിക്കുന്നവൻ അതിൽ വീഴും;
കല്ലുരുട്ടുന്നവന്‍റെമേൽ അത് തിരിഞ്ഞുരുളും.
28ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു;
മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.
Currently Selected:
സദൃ. 26: IRVMAL
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.