ഫിലി. 2:3-16
ഫിലി. 2:3-16 IRVMAL
സ്വാർത്ഥതയാലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ, താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊള്ളുവിൻ. ഓരോരുത്തൻ സ്വന്ത താല്പര്യങ്ങളല്ല, എന്നാൽ മറ്റുള്ളവൻ്റെ താല്പര്യം കൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള മനോഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ, ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ, തന്നെത്താൻ ശൂന്യമാക്കി, ദാസരൂപം എടുത്ത്, മനുഷ്യസാദൃശ്യത്തിലായി, വേഷത്തിൽ മനുഷ്യനായി കാണപ്പെട്ടു, തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തുകയും സകലനാമത്തിനും മേലായ നാമം നൽകുകയും ചെയ്തു; അങ്ങനെ യേശുവിന്‍റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു ആകുന്നു കർത്താവ്” എന്നു പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി ഏറ്റുപറയുകയും ചെയ്യും. അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങൾ എല്ലായ്‌പ്പോഴും അനുസരിച്ചതുപോലെ എന്‍റെ സാന്നിദ്ധ്യത്തിൽ മാത്രമല്ല, എന്‍റെ അസാന്നിദ്ധ്യത്തിലും ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുവിൻ. എന്തെന്നാൽ, തന്‍റെ പ്രസാദത്തിനുവേണ്ടി ഇച്ഛിക്കുവാനും പ്രവർത്തിക്കുവാനുമായി നിങ്ങളിൽ ദൈവമാണ് പ്രവർത്തിക്കുന്നത്. വക്രവും വഴിപിഴച്ചതുമായ തലമുറയുടെ നടുവിൽ, നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളുമായ, ദൈവത്തിന്‍റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്, എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്യുവിൻ. അവരുടെ ഇടയിൽ നിങ്ങൾ ജീവന്‍റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു. അങ്ങനെ ഞാൻ ഓടിയതോ അദ്ധ്വാനിച്ചതോ വെറുതെയായില്ല എന്നു ക്രിസ്തുവിന്‍റെ നാളിൽ എനിക്ക് പ്രശംസിക്കുവാൻ കാരണമാകും.




![[Follow] Be Loving ഫിലി. 2:3-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F16658%2F1440x810.jpg&w=3840&q=75)

