YouVersion Logo
Search Icon

മീഖാ 5

5
ബേത്ലേഹേമിൽനിന്ന് ഒരു രാജാവു വരുന്നു
1ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ,
പടക്കൂട്ടമായി കൂടുക;
അവൻ നമ്മുടെനേരെ അണിനിരത്തുന്നു;
യിസ്രായേലിന്‍റെ ന്യായാധിപതിയെ
അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.
2നീയോ, ബേത്ലേഹേം എഫ്രാത്തേ,
നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും
യിസ്രായേലിനു അധിപതിയായിരിക്കേണ്ടുന്നവൻ
എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും;
അവന്‍റെ ഉത്ഭവം പണ്ടേയുള്ളതും
പുരാതനമായതും തന്നെ.
3അതുകൊണ്ട് പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം
അവിടുന്ന് അവരെ ഏല്പിച്ചുകൊടുക്കും;
അവന്‍റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ
യിസ്രായേൽ മക്കളുടെ അടുക്കൽ മടങ്ങിവരും.
4എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും
തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്‍റെ മഹിമയോടും കൂടി
നിന്ന് തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കും;
അവർ നിർഭയം വസിക്കും;
അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
5അവിടുന്ന് സമാധാനമാകും;
അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ
അരമനകളിൽ ചവിട്ടുമ്പോൾ
നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും
എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും.
6അവർ അശ്ശൂർദേശത്തെയും അതിന്‍റെ പ്രവേശനങ്ങളിൽവച്ച്
നിമ്രോദ് ദേശത്തെയും വാൾകൊണ്ട് നശിപ്പിക്കും;
അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ
അതിരുകളിൽ ചവിട്ടുമ്പോൾ
അവിടുന്ന് നമ്മെ അവരുടെ കയ്യിൽനിന്ന് വിടുവിക്കും.
7യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ
യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും,
മനുഷ്യനായി കാത്തുനിൽക്കുകയോ
മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കുകയോ ചെയ്യാതെ
പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.
8യാക്കോബിൽ ശേഷിപ്പുള്ളവർ ജനതകളുടെ ഇടയിൽ,
അനേകവംശങ്ങളുടെ ഇടയിൽ തന്നെ,
കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും
ആട്ടിൻകൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും;
അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും;
വിടുവിക്കുവാൻ ആരും ഉണ്ടാകുകയില്ല.
9നിന്‍റെ കൈ നിന്‍റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും;
നിന്‍റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
10“ആ നാളിൽ ഞാൻ നിന്‍റെ കുതിരകളെ
നിന്‍റെ നടുവിൽനിന്ന് ഛേദിച്ചുകളയും;
നിന്‍റെ രഥങ്ങളെ നശിപ്പിക്കുകയും ചെയ്യും”
എന്നു യഹോവയുടെ അരുളപ്പാട്.
11ഞാൻ നിന്‍റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുകയും
നിന്‍റെ കോട്ടകളെ എല്ലാം ഇടിച്ചുകളയുകയും ചെയ്യും.
12ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്‍റെ കയ്യിൽനിന്ന് ഛേദിച്ചുകളയും;
ശകുനവാദികൾ നിനക്ക് ഇനി ഉണ്ടാകുകയുമില്ല.
13ഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും
നിന്‍റെ നടുവിൽനിന്ന് ഛേദിച്ചുകളയും;
നീ ഇനി നിന്‍റെ കൈപ്പണിയെ നമസ്കരിക്കുകയുമില്ല.
14ഞാൻ നിന്‍റെ അശേരാപ്രതിഷ്ഠകളെ
നിന്‍റെ നടുവിൽനിന്ന് പറിച്ചുകളയുകയും
നിന്‍റെ പട്ടണങ്ങളെ നശിപ്പിക്കുകയും ചെയ്യും.
15ഞാൻ ജനതകളോട് അവർ കേട്ടിട്ടില്ലാത്തവിധം
കോപത്തോടും ക്രോധത്തോടുംകൂടി പ്രതികാരംചെയ്യും.

Currently Selected:

മീഖാ 5: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in