YouVersion Logo
Search Icon

ലേവ്യ. 8

8
അഹരോന്‍റെയും പുത്രന്മാരുടെയും പ്രതിഷ്ഠ
1യഹോവ പിന്നെയും മോശെയോട്: “നീ അഹരോനെയും അവനോടുകൂടെ 2അവന്‍റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിനുള്ള കാള, രണ്ടു ആട്ടുകൊറ്റന്മാർ, കുട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി വരുകയും 3സഭയെ മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ കൂട്ടുകയും ചെയ്യുക” എന്നു കല്പിച്ചു. 4യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ വന്നുകൂടി.
5മോശെ സഭയോട്: “ചെയ്യണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു” എന്നു പറഞ്ഞു. 6മോശെ അഹരോനെയും പുത്രന്മാരെയും അടുക്കൽ വരുത്തി അവരെ വെള്ളംകൊണ്ട് കഴുകി. 7അവനെ ഉള്ളങ്കി ഇടുവിച്ചു നടുക്കെട്ടു കെട്ടിച്ച് അങ്കി ധരിപ്പിച്ച് ഏഫോദ് ഇടുവിച്ച് ഏഫോദിന്‍റെ ചിത്രപ്പണിയായ നടുക്കെട്ടു കെട്ടിച്ച് അതിനാൽ അത് മുറുക്കി. 8അവനെ പതക്കം#8:8 പതക്കം മാര്‍ച്ചട്ട. ധരിപ്പിച്ചു; പതക്കത്തിൽ ഊറീമും തുമ്മീമും വച്ചു. 9അവന്‍റെ തലയിൽ തലപ്പാവ് വച്ചു; തലപ്പാവിന്മേൽ അതിന്‍റെ മുൻവശത്തു വിശുദ്ധകിരീടമായ പൊൻപട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. 10മോശെ അഭിഷേകതൈലം എടുത്ത് കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു അവരെ ശുദ്ധീകരിച്ചു. 11അവരെ ശുദ്ധീകരിക്കുവാൻ#8:11 ശുദ്ധീകരിക്കുവാൻ മൂല ഗ്രന്ഥത്തിലും ന്യൂ കിങ് ജെയിംസ് വേർഷനിലും മുകളിൽ കൊടുത്തിരിക്കുന്നതുപോലെ ആകുന്നു. മറ്റ് വിവർത്തനത്തിൽ അവരെ ശുദ്ധീകരിക്കാൻ എന്നതിന് പകരം ശുദ്ധീകരിച്ചു എന്നു മാത്രമേയുള്ളൂ. അവൻ അതിൽ കുറെ യാഗപീഠത്തിന്മേൽ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്‍റെ കാലും അഭിഷേകം ചെയ്തു. 12മോശെ അഹരോന്‍റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു. 13മോശെ അഹരോന്‍റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ട് കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
14മോശെ പാപയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു; പാപയാഗത്തിനുള്ള കാളയുടെ തലയിൽ അഹരോനും പുത്രന്മാരും കൈവച്ചു. 15മോശെ കാളയെ അറുത്തു; അവൻ അതിന്‍റെ രക്തം എടുത്തു വിരൽകൊണ്ട് യാഗപീഠത്തിന്‍റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷിച്ച രക്തം യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ച്, യാഗപീഠത്തിനുവേണ്ടി പ്രാശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിച്ചു; 16കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള കൊഴുപ്പും#8:16 കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. 17എന്നാൽ കാളയെയും അതിന്‍റെ തോൽ, മാംസം, ചാണകം എന്നിവയും അവൻ പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ. 18അവൻ ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്‍റെ തലയിൽ കൈവച്ചു. 19മോശെ ആട്ടുകൊറ്റനെ അറുത്തു; അവൻ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. 20ആട്ടുകൊറ്റനെ കഷണംകഷണമായി മുറിച്ചു; മോശെ തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു. 21അവൻ അതിന്‍റെ കുടലും കാലും വെള്ളംകൊണ്ട് കഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനുമായി യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൗരഭ്യവാസനയായ ഹോമയാഗമായി യഹോവയ്ക്കുള്ള ദഹനയാഗം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
22അവൻ പൌരോഹിത്യാഭിഷേകത്തിനുള്ള ആട്ടുകൊറ്റനായ മറ്റേ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്‍റെ തലയിൽ കൈവച്ചു. 23മോശെ അതിനെ അറുത്തു; അവൻ അതിന്‍റെ രക്തം കുറെ എടുത്ത് അഹരോന്‍റെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിൻ്റെ പെരുവിരലിന്മേലും പുരട്ടി. 24മോശെ അഹരോന്‍റെ പുത്രന്മാരെയും വരുത്തി; അവൻ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിൻ്റെ പെരുവിരലിന്മേലും പുരട്ടി; ശേഷിച്ച രക്തം മോശെ യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
25മേദസ്സും തടിച്ചവാലും കുടലിന്മേലുള്ള സകലമേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവൻ എടുത്തു, 26യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കുട്ടയിൽ നിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വച്ചു. 27അവയെല്ലാം അഹരോന്‍റെ കൈയിലും അവന്‍റെ പുത്രന്മാരുടെ കൈയിലും വച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു. 28പിന്നെ മോശെ അവയെ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ യാഗത്തിൻമീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ പൌരോഹിത്യാഭിഷേകയാഗം, യഹോവയ്ക്കുള്ള ദഹനയാഗം തന്നെ. 29മോശെ ആട്ടുകൊറ്റന്‍റെ നെഞ്ച് എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു; അത് കരപൂരണത്തിൻ്റെ ആട്ടുകൊറ്റനിൽ മോശെക്കുള്ള ഓഹരി ആയിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
30മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും അല്പാല്പം എടുത്ത് അഹരോൻ്റെമേലും അവന്‍റെ വസ്ത്രത്തിന്മേലും അവന്‍റെ പുത്രന്മാരുടെമേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്‍റെ വസ്ത്രത്തെയും അവന്‍റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.
31അഹരോനോടും അവന്‍റെ പുത്രന്മാരോടും മോശെ പറഞ്ഞത് എന്തെന്നാൽ: “മാംസം നിങ്ങൾ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽവച്ചു പാകംചെയ്ത്, ‘അഹരോനും പുത്രന്മാരും അത് തിന്നേണം’ എന്നു എനിക്ക് കല്പനയുണ്ടായതുപോലെ അവിടെവച്ച് അതും പൌരോഹിത്യാഭിഷേകത്തിന് അർപ്പിച്ച കൊട്ടയിൽ ഇരിക്കുന്ന അപ്പവും തിന്നുവിൻ. 32മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങൾ തീയിൽ ഇട്ടു ചുട്ടുകളയേണം. 33നിങ്ങളുടെ കരപൂരണദിവസങ്ങൾ തികയുവോളം നിങ്ങൾ ഏഴു ദിവസത്തേക്ക് സമാഗമനകൂടാരത്തിന്‍റെ വാതിൽ വിട്ടു പുറത്തു പോകരുത്; ഏഴു ദിവസം യഹോവ നിങ്ങൾക്ക് കരപൂരണം ചെയ്യും. 34നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഇന്ന് ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന് യഹോവ കല്പിച്ചിരിക്കുന്നു. 35ആകയാൽ നിങ്ങൾ മരിക്കാതിരിക്കുവാൻ ഏഴു ദിവസം രാവും പകലും സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ വസിച്ച് യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോട് കല്പിച്ചിരിക്കുന്നു.”
36യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളും അഹരോനും അവന്‍റെ പുത്രന്മാരും ചെയ്തു.

Currently Selected:

ലേവ്യ. 8: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in