YouVersion Logo
Search Icon

ലേവ്യ. 7

7
അകൃത്യയാഗം
1“‘അകൃത്യയാഗത്തിന്‍റെ#7:1 അകൃത്യയാഗത്തിന്‍റെ പ്രായശ്ചിത്ത യാഗത്തിന്‍റെ പ്രമാണമാണിത്: അത് അതിവിശുദ്ധം. 2ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്‍റെ രക്തം പുരോഹിതൻ യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 3അതിന്‍റെ സകലമേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്ക രണ്ടും 4അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും എടുത്ത് 5പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അത് അകൃത്യയാഗം. 6പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അത് തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവച്ചു അത് തിന്നേണം; അത് അതിവിശുദ്ധം. 7പാപയാഗംപോലെ തന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്ന് തന്നെ; അത് പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതനുള്ളതായിരിക്കേണം. 8പുരോഹിതൻ ഒരുവന്‍റെ ഹോമയാഗം അർപ്പിക്കുമ്പോൾ അർപ്പിച്ച ഹോമയാഗമൃഗത്തിൻ്റെ തോല്‍ പുരോഹിതനുള്ളതായിരിക്കേണം. 9അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതായിരിക്കേണം. 10എണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ സകലഭോജനയാഗവും അഹരോന്‍റെ സകലപുത്രന്മാർക്കും തുല്യമായിരിക്കേണം.
11“യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിൻ്റെ പ്രമാണം ആണിത്: 12അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടി എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവു കൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കേണം. 13സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കേണം. 14ആ എല്ലാവഴിപാടിലും അതത് വകയിൽനിന്ന് ഒരോന്ന് യഹോവയ്ക്ക് നീരാജനാർപ്പണമായി അർപ്പിക്കേണം; അത് സമാധാനയാഗത്തിൻ്റെ രക്തം തളിക്കുന്ന പുരോഹിതനുള്ളതായിരിക്കേണം. 15എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിൻ്റെ മാംസം, അർപ്പിക്കുന്ന ദിവസം തന്നെ തിന്നേണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുത്.
16അർപ്പിക്കുന്ന യാഗം ഒരു നേർച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അർപ്പിക്കുന്ന ദിവസം തന്നെ അത് തിന്നേണം; അതിൽ ശേഷിപ്പുള്ളത് അടുത്ത ദിവസവും തിന്നാം. 17യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം. 18സമാധാനയാഗത്തിൻ്റെ മാംസത്തിൽ ഏതാനും മൂന്നാംദിവസം തിന്നാൽ അത് പ്രസാദമായിരിക്കുകയില്ല; അർപ്പിക്കുന്നവൻ്റെ പേരിൽ കണക്കിടുകയുമില്ല; അത് അറപ്പായിരിക്കും; അത് തിന്നുന്നവൻ കുറ്റം വഹിക്കേണം.
19ഏതെങ്കിലും അശുദ്ധവസ്തുവിനെ തൊട്ടുപോയ മാംസം തിന്നരുത്; അത് തീയിൽ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവനെല്ലാം തിന്നാം. 20എന്നാൽ അശുദ്ധി തന്‍റെമേൽ ഇരിക്കുമ്പോൾ ആരെങ്കിലും യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. 21മനുഷ്യന്‍റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറയ്ക്കപ്പെട്ടതിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ഒരുവൻ തൊട്ടിട്ടു യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.”
22യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 23“നീ യിസ്രായേൽ മക്കളോടു പറയേണ്ടതെന്തെന്നാൽ: ‘ചെമ്മരിയാടിൻ്റെയോ കോലാടിൻ്റെയോ കാളയുടെയോ മേദസ്സു നിങ്ങൾ അല്പംപോലും തിന്നരുത്. 24സ്വാഭാവികമായി ചത്തതിൻ്റെ മേദസ്സും വന്യമൃഗങ്ങൾ പറിച്ചുകീറിപ്പോയതിൻ്റെ മേദസ്സും മറ്റ് എന്തിനെങ്കിലും ഉപയോഗിക്കാം; തിന്നുക മാത്രം അരുത്. 25യഹോവയ്ക്കു ദഹനയാഗമായി അർപ്പിച്ച മൃഗത്തിന്‍റെ മേദസ്സു ആരെങ്കിലും തിന്നാൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. 26നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിൻ്റെയും രക്തം നിങ്ങൾ ഭക്ഷിക്കരുത്. 27വല്ല രക്തവും ഭക്ഷിക്കുന്നത് ആര്‍ തന്നെയായാലും അവന്‍റെ ജനത്തിൽനിന്നു അവനെ ഛേദിച്ചുകളയേണം.”
28യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 29“നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യഹോവയ്ക്കു സമാധാനയാഗം അർപ്പിക്കുന്നവൻ തന്‍റെ സമാധാനയാഗത്തിൽനിന്ന് യഹോവയ്ക്കു വഴിപാട് കൊണ്ടുവരേണം. 30സ്വന്തകൈയാൽ അവൻ അത് യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; നെഞ്ചോടുകൂടി മേദസ്സും അവൻ കൊണ്ടുവരേണം. നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം. 31പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; എന്നാൽ നെഞ്ച് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കേണം. 32നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറക് ഉദർച്ചാർപ്പണത്തിനായി നിങ്ങൾ പുരോഹിതന്‍റെ പക്കൽ കൊടുക്കേണം. 33അഹരോന്‍റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അർപ്പിക്കുന്നവനു തന്നെ വലത്തെ കൈക്കുറക് ഓഹരിയായിരിക്കണം. 34യിസ്രായേൽ മക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിൻ്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.”
35ഇത് അഹരോനെയും പുത്രന്മാരെയും മോശെ യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്യുവാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്ന് അഹരോനുള്ള ഓഹരിയും അവന്‍റെ പുത്രന്മാർക്കുള്ള ഓഹരിയും ആകുന്നു. 36യിസ്രായേൽ മക്കൾ നെഞ്ചും കൈക്കുറകും അവർക്ക് കൊടുക്കണമെന്നു താൻ അവരെ അഭിഷേകം ചെയ്തനാളിൽ യഹോവ കല്പിച്ചു; അത് അവർക്ക് തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു. 37ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, പൌരോഹിത്യാഭിഷേകത്തിനുള്ളയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതുതന്നെ. 38യഹോവയ്ക്കു തങ്ങളുടെ വഴിപാടുകൾ കഴിക്കുവാൻ അവിടുന്ന് യിസ്രായേൽ മക്കളോടു സീനായിമരുഭൂമിയിൽവച്ച് അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപർവ്വതത്തിൽവച്ച് ഇവ കല്പിച്ചു.

Currently Selected:

ലേവ്യ. 7: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in