YouVersion Logo
Search Icon

യിരെ. 21

21
സിദെക്കീയാവിന്‍റെ അഭ്യർത്ഥന ദൈവം നിരസിക്കുന്നു
1സിദെക്കീയാരാജാവ് മല്ക്കീയാവിന്‍റെ മകൻ പശ്ഹൂരിനെയും മയസേയാവിന്‍റെ മകൻ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്‍റെ അടുക്കൽ അയച്ചു: 2“ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടു പോകേണ്ടതിന്, യഹോവ തന്‍റെ സകല അത്ഭുതങ്ങൾക്കും തക്കവിധം ഒരുപക്ഷേ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കും” എന്നു പറയിച്ചു.
3അപ്പോൾ യിരെമ്യാവിന് യഹോവയിൽ നിന്നു അരുളപ്പാടുണ്ടായി. യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയേണം: 4യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മതിലുകൾക്കു പുറത്തുനിന്ന് നിങ്ങളെ ഉപരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കൽദയരോടും യുദ്ധം ചെയ്യുവാൻ നിങ്ങളുടെ കയ്യിലുള്ള ആയുധങ്ങളെ ഞാൻ ഉപയോഗശൂന്യമാക്കി, ഈ നഗരത്തിന്‍റെ മദ്ധ്യത്തിൽ കൂട്ടും. 5ഞാൻ തന്നെയും, നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടി നിങ്ങളോട് യുദ്ധം ചെയ്യും. 6ഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാൻ സംഹരിക്കും; അവർ മഹാമാരിയാൽ മരിക്കും. 7അതിന്‍റെശേഷം യെഹൂദാ രാജാവായ സിദെക്കീയാവിനെയും അവന്‍റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവയിൽനിന്ന് രക്ഷപെട്ട് ശേഷിച്ചവരെ തന്നെ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്‍റെ വായ്ത്തലകൊണ്ട് സംഹരിക്കും” എന്നു യഹോവയുടെ അരുളപ്പാടു.
8“നീ ഈ ജനത്തോടു പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ജീവന്‍റെ വഴിയും മരണത്തിന്‍റെ വഴിയും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു. 9ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ ഉപരോധിച്ചിരിക്കുന്ന കൽദയരുടെ പക്ഷം ചെന്നു ചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്‍റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ഇരിക്കും. 10ഞാൻ എന്‍റെ മുഖം ഈ നഗരത്തിനുനേരെ നന്മയ്ക്കല്ല തിന്മയ്ക്കത്രേ വച്ചിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാടു. “അതിനെ ബാബേൽരാജാവിന്‍റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീവച്ചു ചുട്ടുകളയും.”
ദാവീദുഗൃഹത്തോടുള്ള സന്ദേശം
11“യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടത്: “യഹോവയുടെ വചനം കേൾക്കുവിൻ! 12“ദാവീദുഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം
ആർക്കും കെടുത്താനാകാത്തവിധം,
എന്‍റെ ക്രോധം തീപോലെ പുറപ്പെട്ടു കത്താതെയിരിക്കേണ്ടതിന്
നിങ്ങൾ രാവിലെതോറും ന്യായം പാലിക്കുകയും
കവർച്ചയ്ക്ക് ഇരയായവനെ പീഡകന്‍റെ കൈയിൽനിന്നു
വിടുവിക്കുകയും ചെയ്യുവിൻ.
13താഴ്വരയിലും സമഭൂമിയിലെ പാറയിലും പാർത്ത്,
‘ഞങ്ങളുടെ നേരെ ആര്‍ വരും?
ഞങ്ങളുടെ പാർപ്പിടങ്ങളിൽ ആര്‍ കടക്കും?’ എന്നു പറയുന്നവരേ
ഞാൻ നിങ്ങൾക്ക് വിരോധമായിരിക്കുന്നു”
എന്നു യഹോവയുടെ അരുളപ്പാടു.
14ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവിധം സന്ദർശിക്കും;
ഞാൻ അവളുടെ വനത്തിനു തീ വയ്ക്കും;
അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും”
എന്നു യഹോവയുടെ അരുളപ്പാടു.

Currently Selected:

യിരെ. 21: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for യിരെ. 21