YouVersion Logo
Search Icon

ന്യായാ. 6

6
1അനന്തരം യിസ്രായേൽ മക്കൾ പിന്നെയും യഹോവയ്ക്ക് ഇഷ്ടമില്ലാത്തത് ചെയ്തു: യഹോവ അവരെ ഏഴു വർഷം മിദ്യാന്റെ കയ്യിൽ ഏല്പിച്ചു. 2മിദ്യാൻ യിസ്രായേലിൻമേൽ പ്രാബല്യം പ്രാപിച്ചു; യിസ്രായേൽ മക്കൾ മിദ്യാന്യരുടെ നിമിത്തം മലയിടുക്കുകളും ഗുഹകളും കോട്ടകളും ശരണമാക്കി. 3യിസ്രായേൽ ധാന്യം വിതെച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവർക്ക് എതിരായി വന്നിരുന്നു. 4അവർ യിസ്രയേലിന് വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിച്ചിരുന്നു. യിസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിച്ചിരുന്നില്ല. 5അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ട് വെട്ടുക്കിളിപോലെ കൂട്ടമായി വന്ന് ദേശത്ത് കടന്ന് നാശം ചെയ്തിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു. 6ഇങ്ങനെ മിദ്യാന്യർ നിമിത്തം യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു.
7യിസ്രായേൽ മക്കൾ മിദ്യാന്യരുടെ നിമിത്തം യഹോവയോട് നിലവിളിച്ചപ്പോൾ 8യഹോവ ഒരു പ്രവാചകനെ യിസ്രായേൽ മക്കളുടെ അടുക്കൽ അയച്ചു; അവൻ അവരോട് പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ മിസ്രയീമിൽനിന്ന് പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്ന് നിങ്ങളെ കൊണ്ടുവന്നു; 9മിസ്രയീമ്യരിൽ നിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരിൽ നിന്നും ഞാൻ നിങ്ങളെ വിടുവിച്ച് അവരെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങൾക്ക് തന്നു. 10യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങൾ പാർക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെ ഭജിക്കരുത് എന്നും ഞാൻ നിങ്ങളോട് കല്പിച്ചു; എന്നാൽ നിങ്ങളോ എന്റെ വാക്ക് കേട്ടനുസരിച്ചില്ല.
11അനന്തരം യഹോവയുടെ ഒരു ദൂതൻ വന്ന് ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ ഗോതമ്പ് മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കുകയായിരുന്നു. 12യഹോവയുടെ ദൂതൻ അവന് പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് എന്ന് അവനോട് പറഞ്ഞു. 13ഗിദെയോൻ അവനോട്: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെയും ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്ന് അത്ഭുതകരമായി കൊണ്ടുവന്നു എന്ന് നമ്മുടെ പിതാക്കന്മാർ നമ്മോട് അറിയിച്ചിട്ടുള്ള അവന്റെ അത്ഭുതങ്ങൾ എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ച് മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്ന് പറഞ്ഞു. 14അപ്പോൾ യഹോവ അവനെ നോക്കി: നിന്റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരിൽ നിന്ന് രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നത് എന്ന് പറഞ്ഞു. 15അവൻ യഹോവയോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ച് ഞാൻ ചെറിയവനും അല്ലോ എന്ന് പറഞ്ഞു. 16യഹോവ അവനോട്: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോല്പിക്കും എന്ന് കല്പിച്ചു. 17അതിന് അവൻ: അങ്ങേക്ക് എന്നോട് കൃപയുണ്ടെങ്കിൽ എന്നോട് സംസാരിക്കുന്നത് അവിടുന്ന് തന്നേ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ. 18ഞാൻ പോയി എന്റെ വഴിപാട് കൊണ്ടുവന്ന് അങ്ങയുടെ മുമ്പാകെ വെക്കുവോളം ഇവിടെനിന്ന് പോകരുതേ എന്ന് പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്ന് യഹോവ അരുളിച്ചെയ്തു. 19അങ്ങനെ ഗിദെയോൻ ചെന്ന് ഒരു കോലാട്ടിൻകുട്ടിയെയും ഒരു പറ മാവുകൊണ്ട് പുളിപ്പില്ലാത്ത അപ്പവും ഒരുക്കി, മാംസം ഒരു കൊട്ടയിൽവെച്ച്, ചാറ് ഒരു പാത്രത്തിൽ പകർന്നു; കരുവേലകത്തിൻ കീഴെ കൊണ്ടുവന്ന് യഹോവയുടെ മുമ്പിൽ വെച്ചു. 20അപ്പോൾ ദൈവത്തിന്റെ ദൂതൻ അവനോട്: മാംസവും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറമേൽവെച്ച് ചാറ് അതിന്മേൽ ഒഴിക്ക എന്ന് കല്പിച്ചു; അവൻ അങ്ങനെ ചെയ്തു. 21യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും തൊട്ടു; ഉടനെ പാറയിൽനിന്ന് തീ പുറപ്പെട്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്റെ കണ്ണിന് കാണാതായി. 22അവൻ യഹോവയുടെ ദൂതൻ എന്ന് ഗിദെയോൻ മനസ്സിലാക്കിയപ്പോൾ അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്ന് പറഞ്ഞു. 23യഹോവ അവനോട്: നിനക്ക് സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്ന് അരുളിച്ചെയ്തു. 24ഗിദെയോൻ അവിടെ യഹോവക്കു ഒരു യാഗപീഠം പണിത് അതിന് യഹോവ ഷാലോം#6:24 യഹോവ ഷാലോം യഹോവ സമാധാനം ആകുന്നു എന്ന് പേരിട്ടു; അത് ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ട്.
25അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: നിന്റെ അപ്പന്റെ ഏഴുവയസ്സുള്ളതും ഇളയതുമായ രണ്ടാമത്തെ കാളയെ യാഗം കഴിക്കേണ്ടതിനു അപ്പന്റെ ബാല്‍ ബലിപീഠം ഇടിച്ചു, അതിന്നരികെയുള്ള അശേരാപ്രതിഷ്ഠ വെട്ടിക്കളക. 26അതിനുശേഷം ഈ പാറമേൽ നിന്റെ ദൈവമായ യഹോവയുടെ നിയമപ്രകാരം ഒരു യാഗപീഠം പണിത് ആ കാളയെ എടുത്ത് നീ വെട്ടിക്കളയുന്ന വിഗ്രഹത്തിന്റെ വിറകുകൊണ്ട് ഹോമയാഗം കഴിക്ക. 27ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോട് കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവൻ തന്റെ പിതാവിന്റെ ഭവനക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ട് പകൽ സമയത്ത് ചെയ്യാതെ രാത്രിയിൽ ചെയ്തു. 28പട്ടണക്കാർ രാവിലെ എഴുന്നേറ്റപ്പോൾ ബാലിന്റെ ബലിപീഠം ഇടിഞ്ഞിരിക്കുന്നതും അതിന്നരികെയുള്ള വിഗ്രഹം വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു. 29ഇതു ചെയ്തത് ആരെന്ന് അവർ തമ്മിൽതമ്മിൽ ചോദിച്ചു; അന്വേഷിച്ചപ്പോൾ യോവാശിന്റെ മകനായ ഗിദെയോൻ ആകുന്നു എന്ന് മനസ്സിലായി. 30പട്ടണക്കാർ യോവാശിനോട്: നിന്റെ മകനെ പുറത്തുകൊണ്ടുവരിക; അവൻ മരിക്കേണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ച് അതിനരികെ ഉണ്ടായിരുന്ന വിഗ്രഹത്തെ വെട്ടിക്കളഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു. 31യോവാശ് തനിക്ക് ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞത്: ബാലിന് വേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? അവന് വേണ്ടി വാദിക്കുന്നവൻ ഇന്ന് രാവിലെ തന്നേ മരിക്കേണം; അവൻ ഒരു ദൈവം എങ്കിൽ തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞതുകൊണ്ട്, താൻ തന്നേ തന്റെ കാര്യം വാദിക്കട്ടെ. 32“ഇവൻ അവന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാല്‍ ഇവന്റെ നേരെ വാദിക്കട്ടെ എന്ന് പറഞ്ഞ് അവന് അന്ന് യെരുബ്ബാൽ എന്ന് പേരിട്ടു.
33അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കെദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്വരയിൽ പാളയം ഇറങ്ങി. 34അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേൽ വന്നു, അവൻ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി. 35അവൻ മനശ്ശെയിൽ എല്ലായിടവും ദൂതന്മാരെ അയച്ചു; അവരെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേർ, സെബൂലൂൻ, നഫ്താലി എന്നിവിടങ്ങളിലും ദൂതന്മാരെ അയച്ചു; അവരും അവരോട് ചേർന്നു. 36അപ്പോൾ ഗിദെയോൻ ദൈവത്തോട്: അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെങ്കിൽ, 37ഇതാ ഞാൻ രോമമുള്ള ഒരു ആട്ടിൻ തോൽ കളത്തിൽ നിവർത്തിയിടുന്നു; മഞ്ഞ് തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്റെ കയ്യാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും എന്ന് പറഞ്ഞു. 38അങ്ങനെ തന്നേ സംഭവിച്ചു; അവൻ പിറ്റെന്ന് അതികാലത്ത് എഴുന്നേറ്റ് തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറെച്ചെടുത്തു. 39ഗിദെയോൻ പിന്നെയും ദൈവത്തോട്: അടിയനോട് കോപിക്കരുതേ; ഞാൻ ഒരിക്കൽ കൂടി സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ടു ഒരു തവണ കൂടി പരീക്ഷിപ്പാൻ അനുവദിക്കേണമേ; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാൻ ഇടയാകേണമേ എന്ന് പറഞ്ഞു. 40അന്ന് രാത്രി ദൈവം അങ്ങനെ തന്നെ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനെഞ്ഞുമിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy