YouVersion Logo
Search Icon

യെശ. 65

65
1“എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിക്കുവാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവർക്ക് എന്നെ കണ്ടെത്തുവാൻ സംഗതിവന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്: ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു ഞാൻ പറഞ്ഞു. 2സ്വന്ത വിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്ക് ഞാൻ ഇടവിടാതെ കൈ നീട്ടുന്നു. 3അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്ന ഒരു ജനമായി തോട്ടങ്ങളിൽ ബലി കഴിക്കുകയും ഇഷ്ടികമേൽ ധൂപം കാണിക്കുകയും 4കല്ലറകളിൽ കുത്തിയിരിക്കുകയും ഗുഹകളിൽ രാത്രി പാർക്കുകയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കുകയും ‘മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; 5ഞാൻ നിന്നെക്കാൾ ശുദ്ധൻ’ എന്നു പറയുകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു. 6അത് എന്റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയിട്ടല്ലാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാർവ്വിടത്തിലേക്ക് തന്നെ ഞാൻ പകരംവീട്ടും. 7നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കുകയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരംവീട്ടും; ഞാൻ അവരുടെ മുൻകാലപ്രവൃത്തികളെ അവരുടെ മാർവ്വിടത്തിലേക്ക് അളന്നുകൊടുക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. 8യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുന്തിരിക്കുലയിൽ പുതുവീഞ്ഞ് കണ്ടിട്ട്; ‘നശിപ്പിക്കരുത്; ഒരനുഗ്രഹം അതിൽ ഉണ്ട്’ എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർനിമിത്തം പ്രവർത്തിക്കും; എല്ലാവരെയും നശിപ്പിക്കുകയില്ല. 9ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദയിൽനിന്ന് എന്റെ പർവ്വതങ്ങൾക്ക് ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കുകയും ചെയ്യും. 10എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിനായി ശാരോൻ ആടുകൾക്കു മേച്ചിൽപുറവും ആഖോർ താഴ്‌വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും. 11എന്നാൽ യഹോവയെ ഉപേക്ഷിക്കുകയും എന്റെ വിശുദ്ധപർവ്വതത്തെ മറക്കുകയും ഗാദ് ദേവന് ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലർത്തി നിറച്ചുവയ്ക്കുകയും ചെയ്യുന്നവരേ, 12ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ച് എനിക്ക് പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ട് ഞാൻ നിങ്ങളെ വാളിനു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കൊലയ്ക്ക് കുനിയേണ്ടിവരും”. 13അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. 14എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ അലമുറയിടും. 15നിങ്ങളുടെ പേര് നിങ്ങൾ എന്റെ വൃതന്മാർക്ക് ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കർത്താവ് നിന്നെ കൊന്നുകളയും; തന്റെ ദാസന്മാർക്ക് അവിടുന്ന് വേറൊരു പേര് വിളിക്കും. 16മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോവുകയും അവ എന്റെ കണ്ണിന് മറഞ്ഞിരിക്കുകയും ചെയ്കകൊണ്ടു ഭൂമിയിൽ സ്വയം അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ സ്വയം അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും. 17“ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തേവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരുകയുമില്ല. 18ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിക്കുവിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. 19ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കുകയും ചെയ്യും; കരച്ചിലും നിലവിളിയും ഇനി അതിൽ കേൾക്കുകയില്ല; 20കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാവുകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ. 21അവർ വീടുകളെ പണിതു വസിക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. 22അവർ പണിയുക, മറ്റൊരുത്തൻ വസിക്കുക എന്നു വരുകയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരുകയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർതന്നെ അവരുടെ അദ്ധ്വാനഫലം അനുഭവിക്കും. 23അവർ വെറുതെ അദ്ധ്വാനിക്കുകയില്ല; ആപത്തിനായിട്ടു പ്രസവിക്കുകയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലയോ; അവരുടെ സന്താനം അവരോടുകൂടി ഇരിക്കും. 24അവർ വിളിക്കുന്നതിനുമുമ്പ് ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഞാൻ കേൾക്കും. 25ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വയ്ക്കോൽ തിന്നും; സർപ്പത്തിനു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.

Currently Selected:

യെശ. 65: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy