YouVersion Logo
Search Icon

2 തെസ്സ. 2

2
അധർമ്മമൂർത്തി
1ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ മടങ്ങിവരവും, അവനോടുകൂടെ നാം ഒരുമിച്ചുകൂടുന്നതിനെക്കുറിച്ചും ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നത്: 2കർത്താവിന്‍റെ ദിവസം വന്നുകഴിഞ്ഞു എന്നു സൂചിപ്പിക്കുന്ന വല്ല ആത്മാവിനാലോ വചനത്താലോ, ഞങ്ങൾ എഴുതി എന്നു അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങൾ വേഗത്തിൽ മനസ്സിടറുകയും അസ്വസ്ഥരാകയുമരുത്. 3ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കുകയും നാശയോഗ്യനായ പുത്രനായ അധർമ്മത്തിൻ്റെ മനുഷ്യൻ വെളിപ്പെടുകയും വേണം. 4അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ട്, ദൈവം എന്നു വിളിക്കപ്പെടുന്നതോ, ആരാധിക്കപ്പെടുന്നതോ ആയ സകലത്തിനും മീതെ തന്നെത്താൻ ദൈവമായി ഉയർത്തുന്ന എതിരാളി അത്രേ.
5നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നെ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓർക്കുന്നില്ലയോ? 6അവൻ സമയത്തിനു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന് ഇപ്പോൾ തടുക്കുന്നത് എന്ത് എന്നു നിങ്ങൾ അറിയുന്നു. 7അധർമ്മത്തിൻ്റെ മർമ്മം ഇപ്പോഴേ പ്രവൃത്തിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപ്പോയാൽ മാത്രം മതി. 8അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്‍റെ വായിലെ ശ്വാസത്താൽ സംഹരിച്ച് തന്‍റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
9അധർമ്മമൂർത്തി നശിച്ചുപോകുന്നവർക്ക് വെളിപ്പെടുന്നത് സാത്താന്‍റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും; 10എന്തുകൊണ്ടെന്നാൽ അവർ രക്ഷിയ്ക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ച് കൈക്കൊള്ളായ്കയാൽ തന്നെ അങ്ങനെ ഭവിക്കും. 11സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന എല്ലാവർക്കും ന്യായവിധി വരേണ്ടതിന് 12ദൈവം അവർക്ക് ഭോഷ്ക് വിശ്വസിക്കുവാനായി വ്യാജത്തിൻ്റെ വ്യാപാരശക്തി അയയ്ക്കുന്നു.
സ്ഥിരതയോടെ നില്ക്കുക
13ഞങ്ങളോ, കർത്താവിന് പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ രക്ഷയ്ക്കുള്ള ആദ്യഫലമായി ആത്മാവിന്‍റെ വിശുദ്ധീകരണത്തിലും സത്യത്തിന്‍റെ വിശ്വാസത്തിലും തിരഞ്ഞെടുത്തതുകൊണ്ട് നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു. 14നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ മഹത്വം പ്രാപിക്കുവാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷയ്ക്ക് വിളിച്ചത്. 15ആകയാൽ സഹോദരന്മാരേ, ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ച് അതിൽ ഉറച്ചുനിന്നുകൊൾവിൻ.
16നമ്മുടെ കർത്താവായ യേശുക്രിസ്തു തന്നെയും നമ്മെ സ്നേഹിച്ച് നിത്യാശ്വാസവും നല്ല പ്രത്യാശയുടെ ഉറപ്പും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും 17നിങ്ങളുടെ ഹൃദയങ്ങളെ എല്ലാ നല്ല പ്രവൃത്തിയിലും വാക്കാലും ആശ്വസിപ്പിച്ച് സ്ഥിരപ്പെടുത്തുമാറാകട്ടെ.

Currently Selected:

2 തെസ്സ. 2: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 2 തെസ്സ. 2