YouVersion Logo
Search Icon

1 ശമു. 24

24
1ശൌല്‍ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോൾ ദാവീദ് ഏൻ-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവനു അറിവുകിട്ടി. 2അപ്പോൾ ശൌല്‍ എല്ലാ യിസ്രായേലിൽനിന്നും തെരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാൻ കാട്ടാടുകളുടെ പാറകളിൽ ചെന്നു. 3അവൻ വഴിയരികെയുള്ള ആട്ടിൻ തൊഴുത്തിൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌല്‍ വിസർജ്ജനത്തിനായി അതിൽ കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളിൽ താമസിച്ചിരുന്നു. 4ദാവീദിന്റെ ആളുകൾ അവനോട്: “ഞാൻ നിന്റെ ശത്രുവിനെ നിന്റെ കയ്യിൽ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോട് ചെയ്യാം എന്ന് യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റ് ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. 5എന്നാൽ ശൌലിന്റെ മേലങ്കിയുടെ അറ്റം മുറിച്ചുകളഞ്ഞതുകൊണ്ട് ദാവീദിന്റെ മനസ്സിൽ വേദനയുണ്ടായി. 6അവൻ തന്റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ” എന്നു പറഞ്ഞു. 7ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് നിയന്ത്രിച്ചു; ശൌലിനെ ദ്രോഹിക്കുവാൻ അവരെ അനുവദിച്ചില്ല. ശൌല്‍ ഗുഹയിൽനിന്ന് ഇറങ്ങി തന്റെ വഴിക്ക് പോയി. 8ദാവീദും ഗുഹയിൽനിന്ന് പുറത്തിറങ്ങി ശൌലിനോട്: “എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു. ശൌല്‍ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് നമസ്കരിച്ചു. 9ദാവീദ് ശൌലിനോട്: “ദാവീദ് നിനക്ക് ദോഷം ചെയ്യുന്നു എന്ന് പറയുന്നവരുടെ വാക്ക് നീ വിശ്വസിക്കുന്നത് എന്ത്? 10യഹോവ ഇന്ന് ഗുഹയിൽവച്ച് നിന്നെ എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എന്ന് നീ അറിഞ്ഞാലും; നിന്നെ കൊല്ലുവാൻ ചിലർ പറഞ്ഞെങ്കിലും ഞാൻ ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഒരംശം പോലും ഞാൻ കയ്യെടുക്കുകയില്ല; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാൻ പറഞ്ഞു. 11എന്റെ പിതാവേ, എന്റെ കയ്യിലുള്ള നിന്റെ മേലങ്കിയുടെ അറ്റം ഇതാ കണ്ടാലും; നിന്റെ മേലങ്കിയുടെ അറ്റം ഞാൻ മുറിച്ചു. എന്നിട്ടും ഞാൻ നിന്നെ കൊന്നില്ല. അതുകൊണ്ട് എന്റെ കയ്യിൽ ദോഷവും ദ്രോഹവും ഇല്ല; ഞാൻ നിന്നോട് പാപം ചെയ്തിട്ടുമില്ല എന്ന് നീ അറിഞ്ഞുകൊള്ളുക. പക്ഷേ നീയോ എന്നെ കൊല്ലുവാൻ അവസരം തേടിനടക്കുന്നു. 12യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല. 13“ദുഷ്ടത ദുഷ്ടനിൽനിന്ന് പുറപ്പെടുന്നു” എന്നല്ലോ പഴഞ്ചൊല്ല് പറയുന്നത്; എന്നാൽ എന്റെ കൈ നിന്റെമേൽ വീഴുകയില്ല. 14ആരെ തേടിയാകുന്നു യിസ്രായേൽ രാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാകുന്നു പിന്തുടരുന്നത്? ഒരു ചത്തനായയെ, ഒരു ചെള്ളിനെ അല്ലയോ? 15അതുകൊണ്ട് യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ. എന്റെ കാര്യം പരിശോധിച്ച്, വാദിച്ച് എന്നെ നിന്റെ കയ്യിൽനിന്ന് വിടുവിക്കുകയും ചെയ്യുമാറാകട്ടെ. 16ദാവീദ് ശൌലിനോട് ഈ വാക്കുകൾ സംസാരിച്ച് തീർന്നശേഷം ശൌല്‍: “എന്റെ മകനേ, ദാവീദേ, ഇത് നിന്റെ ശബ്ദമോ” എന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞു. 17പിന്നെ അവൻ ദാവീദിനോട്: “നീ എന്നെക്കാൾ നീതിമാൻ ആകുന്നു. കാരണം ഞാൻ നിനക്ക് തിന്മ ചെയ്തപ്പോൾ, അതിനുപകരം നീ എനിക്ക് നന്മ ചെയ്തിരിക്കുന്നു. 18യഹോവ എന്നെ നിന്റെ കയ്യിൽ ഏല്പിച്ചിട്ടും, നീ എന്നെ കൊല്ലാതെ വിട്ടതിനാൽ, നീ എനിക്ക് നന്മ ചെയ്തതായി ഇന്ന് കാണിച്ചിരിക്കുന്നു. 19ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിടുമോ? നീ ഇന്ന് എനിക്ക് ചെയ്തതിന് പകരം യഹോവ നിനക്ക് നന്മ ചെയ്യട്ടെ. 20എന്നാൽ നീ തീർച്ചയായും രാജാവാകും; യിസ്രായേൽരാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും എന്ന് ഞാൻ അറിയുന്നു. 21അതുകൊണ്ട് നീ എനിക്ക് ശേഷം എന്റെ സന്തതിയെ മുഴുവനും നശിപ്പിച്ച്, എന്റെ പേര് പിതൃഭവനത്തിൽ നിന്ന് മായിച്ചു കളയുകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോട് സത്യം ചെയ്യണം”. 22അങ്ങനെ ദാവീദ് ശൌലിനോട് സത്യംചെയ്തു. ശൌല്‍ അരമനയിലേയ്ക്ക് പോയി; ദാവീദും അവന്റെ ആളുകളും ദുർഗ്ഗത്തിലേക്കും പോയി.

Currently Selected:

1 ശമു. 24: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy