YouVersion Logo
Search Icon

1 യോഹ. 5

5
ദൈവപുത്രനിൽ ഉള്ള വിശ്വാസം
1യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ ഏവനും ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവരെല്ലാം അവനാൽ ജനിച്ചവനെയും സ്നേഹിക്കുന്നു. 2നാം ദൈവത്തെ സ്നേഹിക്കുകയും അവന്‍റെ കല്പനകളെ പ്രമാണിക്കുകയും ചെയ്യുന്നതിനാൽ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു നമുക്ക് അറിയാം. 3അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്‍റെ കല്പനകൾ ഭാരമുള്ളവയല്ല. 4കാരണം, ദൈവത്തിൽനിന്ന് ജനിച്ചവരൊക്കെയും ലോകത്തെ ജയിക്കുന്നു: ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ. 5എന്നാൽ യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?
6ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നെ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ. 7ആത്മാവ് സത്യമായതിനാൽ ആത്മാവും സാക്ഷ്യം പറയുന്നു. 8സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ട്: ആത്മാവ്, ജലം, രക്തം; ഈ മൂന്നിൻ്റെയും സാക്ഷ്യം ഒന്ന് തന്നെ. 9നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്‍റെ സാക്ഷ്യം അതിലും വലിയതാകുന്നു. എന്തെന്നാൽ, ദൈവത്തിന്‍റെ സാക്ഷ്യമോ, അവൻ തന്‍റെ പുത്രനെക്കുറിച്ച് സാക്ഷീകരിച്ചിരിക്കുന്നത് തന്നെ. 10ദൈവപുത്രനിൽ വിശ്വസിക്കുന്നവന് ഉള്ളിൽ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്‍റെ പുത്രനെക്കുറിച്ച് പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവനെ നുണയനാക്കുന്നു.
11ആ സാക്ഷ്യമോ, ദൈവം നമുക്ക് നിത്യജീവൻ തന്നു; ആ ജീവൻ അവന്‍റെ പുത്രനിൽ ഉണ്ട് എന്നുള്ളത് തന്നെ. 12പുത്രനുള്ളവന് ജീവൻ ഉണ്ട്; ദൈവപുത്രനില്ലാത്തവന് ജീവൻ ഇല്ല.
ഉപസംഹാരം
13ദൈവപുത്രൻ്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു. 14അവന്‍റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും ചോദിച്ചാൽ അവൻ നമ്മെ കേൾക്കുന്നു എന്നുള്ളത് നമുക്ക് അവനിലുള്ള ധൈര്യമാകുന്നു. 15നമ്മൾ എന്ത് ചോദിച്ചാലും അവൻ നമ്മെ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോട് ചോദിച്ച അപേക്ഷകൾ നമുക്ക് ലഭിച്ചു എന്നും അറിയുന്നു.
16സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ പ്രാർത്ഥിക്കാം; ദൈവം അവനു ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്ക് തന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അവൻ അതിനെക്കുറിച്ച് അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല. 17എല്ലാ അനീതിയും പാപം ആകുന്നു; എന്നാൽ മരണത്തിനല്ലാത്ത പാപവും ഉണ്ട്.
18ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നവൻ ആരും പാപത്തിൽ തുടരുന്നില്ല എന്നു നാം അറിയുന്നു; ദൈവത്തിൽനിന്ന് ജനിച്ചവൻ അവനെ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല. 19നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്‍റെ അധീനതയിൽ കിടക്കുന്നു. 20ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിയുവാൻ നമുക്ക് വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്‍റെ പുത്രനായ യേശുക്രിസ്തുവിൽ തന്നെ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.
21കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളിൽനിന്ന് നിങ്ങളെത്തന്നെ സൂക്ഷിക്കുവിൻ.

Currently Selected:

1 യോഹ. 5: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in