YouVersion Logo
Search Icon

1 യോഹ. 4

4
സത്യാത്മാവും വ്യാജാത്മാവും
1പ്രിയമുള്ളവരേ, അനേകം കള്ളപ്രവാചകന്മാർ ലോകത്തിലേക്കു പുറപ്പെട്ടിരിക്കുകയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ, ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‌വിൻ. 2ദൈവാത്മാവിനെ നിങ്ങൾക്ക് ഇതിനാൽ അറിയാം: യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളത്. 3യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അത് എതിർക്രിസ്തുവിൻ്റെ ആത്മാവ് തന്നെ; അത് വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അത് ഇപ്പോൾതന്നെ ലോകത്തിൽ ഉണ്ട്.
4പ്രിയ കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; എതിർക്രിസ്തുവിൻ്റെ ആത്മാക്കളെ ജയിച്ചുമിരിക്കുന്നു. കാരണം നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനേക്കാൾ വലിയവനല്ലോ. 5അവർ ലോകത്തിനുള്ളവർ ആകുന്നു, അതുകൊണ്ട് അവർ ലോകത്തിലുള്ളത് സംസാരിക്കുന്നു; ലോകം അവരെ ശ്രദ്ധിക്കുന്നു. 6ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവൻ ഞങ്ങളുടെ വാക്ക് ശ്രദ്ധിക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവൻ ഞങ്ങളുടെ വാക്ക് ശ്രദ്ധിക്കുന്നില്ല. സത്യത്തിന്‍റെ ആത്മാവ് ഏത് എന്നും അസത്യത്തിൻ്റെ ആത്മാവ് ഏത് എന്നും ഇതിനാൽ നമുക്ക് അറിയാം.
ദൈവത്തിന്‍റെയും നമ്മുടെയും സ്നേഹം
7പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്കുക; കാരണം സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു. 8ദൈവം സ്നേഹം തന്നെയായതിനാൽ, സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. 9നാം അവനാൽ ജീവിക്കേണ്ടതിന്, ദൈവം തന്‍റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നതിനാൽ ദൈവത്തിന് നമ്മോടുള്ള സ്നേഹം വെളിപ്പെട്ടു. 10നാം ദൈവത്തെ സ്നേഹിച്ചു എന്നതല്ല, അവൻ നമ്മെ സ്നേഹിക്കുകയും തന്‍റെ പുത്രനെ നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തം ആകുവാൻ അയയ്ക്കുകയും ചെയ്തു എന്നത് തന്നെ സാക്ഷാൽ സ്നേഹം. 11പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു. 12ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്‍റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.
13അവൻ തന്‍റെ ആത്മാവിനെ നമുക്ക് തന്നതിനാൽ നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു. 14പിതാവ് ലോകരക്ഷിതാവായിട്ട് പുത്രനെ അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടും സാക്ഷ്യം പറയുകയും ചെയ്യുന്നു. 15യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും, അവൻ ദൈവത്തിലും വസിക്കുന്നു. 16ഇങ്ങനെ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നെ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു. 17അവൻ ആയിരിക്കുന്നതുപോലെ നാം ഈ ലോകത്തിൽ ആയിരിക്കുന്നതുകൊണ്ട്, ന്യായവിധിദിവസത്തിൽ നമുക്ക് ധൈര്യം ഉണ്ടാകുവാൻ തക്കവണ്ണം ഇങ്ങനെ സ്നേഹം നമ്മിൽ തികഞ്ഞുവന്നിരിക്കുന്നു.
18സ്നേഹത്തിൽ ഭയമില്ല; ശിക്ഷയിൽ ഭയം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; എന്നാൽ ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല. 19ദൈവം ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം സ്നേഹിക്കുന്നു.
20ഒരുവൻ, ‘ഞാൻ ദൈവത്തെ സ്നേഹിക്കുന്നു’ എന്നു പറയുകയും, തന്‍റെ സഹോദരനെ വെറുക്കുകയും ചെയ്താൽ അവൻ നുണയനാകുന്നു. കാരണം, താൻ കണ്ടിട്ടുള്ള തന്‍റെ സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുവാൻ കഴിയുന്നതല്ല. 21ദൈവത്തെ സ്നേഹിക്കുന്നവൻ തന്‍റെ സഹോദരനെയും സ്നേഹിക്കേണം എന്ന ഈ കല്പന നമുക്ക് അവങ്കൽനിന്ന് ലഭിച്ചിരിക്കുന്നു.

Currently Selected:

1 യോഹ. 4: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in