YouVersion Logo
Search Icon

റോമർ 4

4
1എന്നാൽ നമ്മുടെ പൂർവപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടൂ? 2അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന് പ്രശംസിപ്പാൻ സംഗതി ഉണ്ട്; ദൈവസന്നിധിയിൽ ഇല്ലതാനും; 3തിരുവെഴുത്ത് എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു” എന്നുതന്നെ. 4എന്നാൽ പ്രവർത്തിക്കുന്നവനു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ. 5പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവനോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു. 6ദൈവം പ്രവൃത്തികൂടാതെ നീതി കണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണിക്കുന്നത്:
7“അധർമം മോചിച്ചും പാപം മറച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. 8കർത്താവ് പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”
9ഈ ഭാഗ്യവർണനം പരിച്ഛേദനയ്ക്കോ? അഗ്രചർമത്തിനു കൂടെയോ? അബ്രാഹാമിനു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നത്. 10എങ്ങനെ കണക്കിട്ടത്? പരിച്ഛേദനയിലോ? അഗ്രചർമത്തിലോ? പരിച്ഛേദനയിലല്ല, അഗ്രചർമത്തിലത്രേ. 11അഗ്രചർമത്തിൽവച്ച് ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവനു ലഭിച്ചത് അഗ്രചർമത്തോടെ വിശ്വസിക്കുന്നവർക്കുംകൂടെ നീതി കണക്കിടപ്പെടുവാൻ തക്കവണ്ണം താൻ അവർക്ക് എല്ലാവർക്കും പിതാവായിരിക്കേണ്ടതിനും 12പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന് അഗ്രചർമത്തിൽവച്ച് ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിനുംതന്നെ. 13ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചത്. 14എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യർഥവും വാഗ്ദത്തം ദുർബലവും എന്നു വരും. 15ന്യായപ്രമാണമോ കോപത്തിനു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല. 16അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിനു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നത്; വാഗ്ദത്തം സകല സന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കുംകൂടെ ഉറപ്പാകേണ്ടതിനുതന്നെ. 17മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിനുതന്നെ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവച്ചു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 18“നിന്റെ സന്തതി ഇവ്വണ്ണം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്ന് അവൻ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു. 19അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജീവമായിപ്പോയതും സാറായുടെ ഗർഭപാത്രത്തിന്റെ നിർജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. 20ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിനു മഹത്ത്വം കൊടുത്തു, 21അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണമായി ഉറച്ചു. 22അതുകൊണ്ട് അത് അവനു നീതിയായി കണക്കിട്ടു. 23അവനു കണക്കിട്ടു എന്ന് എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. 24നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിച്ചുമിരിക്കുന്ന 25നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽതന്നെ.

Currently Selected:

റോമർ 4: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy