YouVersion Logo
Search Icon

വെളിപ്പാട് 9

9
1അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയിൽ വീണുകിടക്കുന്നത് ഞാൻ കണ്ടു; അവന് അഗാധകൂപത്തിന്റെ താക്കോൽ ലഭിച്ചു. 2അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുംചൂളയിലെ പുകപോലെ കൂപത്തിൽനിന്നു പുക പൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. 3പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു. അതിനു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു. 4നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കല്ലാതെ ഭൂമിയിലെ പുല്ലിനും പച്ചയായതൊന്നിനും യാതൊരു വൃക്ഷത്തിനും കേടു വരുത്തരുത് എന്ന് അതിനു കല്പന ഉണ്ടായി. 5അവരെ കൊല്ലുവാനല്ല, അഞ്ചു മാസം ദണ്ഡിപ്പിപ്പാനത്രേ അതിന് അധികാരം ലഭിച്ചത്; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നെ. 6ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ട് ഓടിപ്പോകും. 7വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിനു ചമയിച്ച കുതിരയ്ക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു. 8സ്ത്രീകളുടെ മുടിപോലെ അതിനു മുടി ഉണ്ട്; പല്ല് സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു. 9ഇരുമ്പുകവചംപോലെ കവചം ഉണ്ട്; ചിറകിന്റെ ഒച്ച പടയ്ക്ക് ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു. 10തേളിനുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ട്; മനുഷ്യരെ അഞ്ചു മാസം ഉപദ്രവിപ്പാൻ അതിനുള്ള ശക്തി വാലിൽ ആയിരുന്നു. 11അഗാധദൂതൻ അതിനു രാജാവായിരുന്നു; അവന് എബ്രായഭാഷയിൽ അബദ്ദോൻ എന്നും യവനഭാഷയിൽ അപ്പൊല്ലുവോൻ എന്നും പേർ.
12കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.
13ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണപീഠത്തിന്റെ കൊമ്പുകളിൽനിന്ന് ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോട്: 14യൂഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു. 15ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ട്, മാസം, ദിവസം, നാഴികയ്ക്ക് ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. 16കുതിരപ്പടയുടെ സംഖ്യ പതിനായിരം മടങ്ങ് ഇരുപതിനായിരം എന്നു ഞാൻ കേട്ടു. 17ഞാൻ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടത് എങ്ങനെയെന്നാൽ: അവർക്കു തീ നിറവും രക്തനീലവും ഗന്ധകവർണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽനിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു. 18വായിൽനിന്നു പുറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി. 19കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സർപ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു; ഇവയാലത്രേ കേടു വരുത്തുന്നത്. 20ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാൺമാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്ന്, വെള്ളി, ചെമ്പ്, കല്ല്, മരം ഇവകൊണ്ടുളള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല. 21തങ്ങളുടെ കൊലപാതകം, ക്ഷുദ്രം, ദുർന്നടപ്പ്, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy