YouVersion Logo
Search Icon

വെളിപ്പാട് 14

14
1പിന്നെ ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു. 2പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും വലിയൊരു ഇടിമുഴക്കംപോലെയും സ്വർഗത്തിൽനിന്ന് ഒരു ഘോഷം കേട്ടു; ഞാൻ കേട്ട ഘോഷം വൈണികന്മാർ വീണമീട്ടുന്നതുപോലെ ആയിരുന്നു. 3അവർ സിംഹാസനത്തിനും നാലു ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടു പാടി; ഭൂമിയിൽനിന്നു വിലയ്ക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല. 4അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു. 5ഭോഷ്ക് അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നെ.
6വേറൊരു ദൂതൻ ആകാശമധ്യേ പറക്കുന്നതു ഞാൻ കണ്ടു; ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിപ്പാൻ അവന്റെ പക്കൽ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. 7ദൈവത്തെ ഭയപ്പെട്ട് അവന് മഹത്ത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്ന് അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.
8രണ്ടാമത് വേറൊരു ദൂതൻ പിൻചെന്നു; വീണുപോയി; തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി എന്നു പറഞ്ഞു.
9മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്ന് അത്യുച്ചത്തിൽ പറഞ്ഞത്: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ 10ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിനും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും. 11അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവനും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. 12ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ട് ഇവിടെ ആവശ്യം.
13ഞാൻ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം കേട്ടു; അതു പറഞ്ഞത്: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്ന് ആത്മാവ് പറയുന്നു.
14പിന്നെ ഞാൻ വെളുത്തോരു മേഘവും മേഘത്തിന്മേൽ മനുഷ്യപുത്രനു സദൃശനായ ഒരുത്തൻ തലയിൽ പൊൻകിരീടവും കൈയിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. 15മറ്റൊരു ദൂതൻ ദൈവാലയത്തിൽനിന്നും പുറപ്പെട്ടു, മേഘത്തിന്മേൽ ഇരിക്കുന്നവനോട്: കൊയ്ത്തിനു സമയം വന്നതുകൊണ്ടു നിന്റെ അരിവാൾ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 16മേഘത്തിന്മേൽ ഇരിക്കുന്നവൻ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞു; ഭൂമിയിൽ കൊയ്ത്തു നടന്നു.
17മറ്റൊരു ദൂതൻ സ്വർഗത്തിലെ ആലയത്തിൽനിന്നു പുറപ്പെട്ടു; അവൻ മൂർച്ചയുള്ളൊരു കോങ്കത്തി പിടിച്ചിരുന്നു. 18തീയുടെമേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽനിന്നു പുറപ്പെട്ടു, മൂർച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോട്: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാൽ നിന്റെ മൂർച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 19ദൂതൻ കോങ്കത്തി ഭൂമിയിലേക്ക് എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ ഇട്ടു. 20ചക്കു നഗരത്തിനു പുറത്തുവച്ചു മെതിച്ചു; ചക്കിൽനിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy