YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 94

94
1പ്രതികാരത്തിന്റെ ദൈവമായ യഹോവേ,
പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
2ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ;
ഡംഭികൾക്കു നീ പ്രതികാരം ചെയ്യേണമേ.
3യഹോവേ, ദുഷ്ടന്മാർ എത്രത്തോളം,
ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
4അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു;
നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു.
5യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു;
നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു;
അനാഥന്മാരെ അവർ ഹിംസിക്കുന്നു.
7യഹോവ കാണുകയില്ല എന്നും
യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.
8ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ;
ഭോഷന്മാരേ, നിങ്ങൾക്ക് എപ്പോൾ ബുദ്ധിവരും?
9ചെവിയെ നട്ടവൻ കേൾക്കയില്ലയോ?
കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?
10ജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ?
അവൻ മനുഷ്യർക്കു ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
11മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.
12യഹോവേ, ദുഷ്ടന് കുഴി കുഴിക്കുവോളം
അനർഥദിവസത്തിൽ നീ അവനെ വിശ്രമിപ്പിക്കേണ്ടതിനു
13നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
14യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല;
തന്റെ അവകാശത്തെ കൈവിടുകയുമില്ല.
15ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും;
പരമാർഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.
16ദുഷ്കർമികളുടെ നേരേ ആർ എനിക്കുവേണ്ടി എഴുന്നേല്ക്കും?
നീതികേടു പ്രവർത്തിക്കുന്നവരോട് ആർ എനിക്കുവേണ്ടി എതിർത്തു നില്ക്കും?
17യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ
എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു.
18എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ
യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
19എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ
നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.
20നിയമത്തിനു വിരോധമായി കഷ്ടത നിർമ്മിക്കുന്ന
ദുഷ്ടസിംഹാസനത്തിനു നിന്നോടു സഖ്യത ഉണ്ടാകുമോ?
21നീതിമാന്റെ പ്രാണനു വിരോധമായി അവർ കൂട്ടംകൂടുന്നു;
കുറ്റമില്ലാത്ത രക്തത്തെ അവർ ശിക്ഷയ്ക്കു വിധിക്കുന്നു.
22എങ്കിലും യഹോവ എനിക്കു ഗോപുരവും
എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.
23അവൻ അവരുടെ നീതികേട് അവരുടെമേൽതന്നെ വരുത്തും;
അവരുടെ ദുഷ്ടതയിൽതന്നെ അവരെ സംഹരിക്കും;
നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy