YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 9

9
സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;
നിന്റെ അദ്ഭുതങ്ങളെയൊക്കെയും ഞാൻ വർണിക്കും.
2ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും;
അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.
3എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു,
നിന്റെ സന്നിധിയിൽ നശിച്ചുപോകും.
4നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു;
നീ നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു.
5നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു;
അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
6ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു;
അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു;
അവയുടെ ഓർമകൂടെ ഇല്ലാതെയായിരിക്കുന്നു.
7എന്നാൽ യഹോവ എന്നേക്കും വാഴുന്നു;
ന്യായവിധിക്ക് അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.
8അവൻ ലോകത്തെ നീതിയോടെ വിധിക്കും;
ജാതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.
9യഹോവ പീഡിതന് ഒരു അഭയസ്ഥാനം;
കഷ്ടകാലത്ത് ഒരഭയസ്ഥാനംതന്നെ.
10നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും;
യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
11സീയോനിൽ വസിക്കുന്ന യഹോവയ്ക്കു സ്തോത്രം പാടുവിൻ;
അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ.
12രക്തപാതകത്തിനു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു;
എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.
13യഹോവേ, എന്നോടു കരുണയുണ്ടാകേണമേ;
മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ,
എന്നെ പകയ്ക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
14ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ
നിന്റെ സ്തുതിയെയൊക്കെയും പ്രസ്താവിച്ച് നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
15ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണുപോയി;
അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.
16യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു;
ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല
ജാതികളും പാതാളത്തിലേക്കു തിരിയും.
18ദരിദ്രനെ എന്നേക്കും മറന്നുപോകയില്ല;
സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരികയുമില്ല.
19യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ;
ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
20യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്
അവർക്കു ഭയം വരുത്തേണമേ. സേലാ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy