YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 88

88
ഒരു ഗീതം; കോരഹുപുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതപ്രമാണിക്ക്; മഹലത്ത്‍രാഗത്തിൽ പ്രതിഗാനത്തിനായി; എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.
1എന്റെ രക്ഷയുടെ ദൈവമായ യഹോവേ,
ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;
2എന്റെ പ്രാർഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ;
എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
3എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറഞ്ഞിരിക്കുന്നു;
എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.
4കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു;
ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
5ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു;
അവരെ നീ പിന്നെ ഓർക്കുന്നില്ല;
അവർ നിന്റെ കൈയിൽനിന്ന് അറ്റുപോയിരിക്കുന്നു.
6നീ എന്നെ ഏറ്റവും താണ കുഴിയിലും
ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
7നിന്റെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു.
നിന്റെ എല്ലാ തിരകളുംകൊണ്ട് നീ എന്നെ വലച്ചിരിക്കുന്നു. സേലാ.
8എന്റെ പരിചയക്കാരെ നീ എന്നോട് അകറ്റി,
എന്നെ അവർക്ക് വെറുപ്പാക്കിയിരിക്കുന്നു;
പുറത്തിറങ്ങുവാൻ കഴിയാതവണ്ണം എന്നെ അടച്ചിരിക്കുന്നു.
9എന്റെ കണ്ണ് കഷ്ടത ഹേതുവായി ക്ഷയിച്ചുപോകുന്നു;
യഹോവേ, ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും
എന്റെ കൈകളെ നിങ്കലേക്കു മലർത്തുകയും ചെയ്യുന്നു.
10നീ മരിച്ചവർക്ക് അദ്ഭുതങ്ങൾ കാണിച്ചു കൊടുക്കുമോ?
മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
11ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണിക്കുമോ?
12അന്ധകാരത്തിൽ നിന്റെ അദ്ഭുതങ്ങളും
വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ?
13എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു;
രാവിലെ എന്റെ പ്രാർഥന തിരുസന്നിധിയിൽ വരുന്നു.
14യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്?
നിന്റെ മുഖത്തെ എനിക്കു മറച്ചുവയ്ക്കുന്നതും എന്തിന്?
15ബാല്യംമുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു;
ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
16നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു;
നിന്റെ ഘോരത്വങ്ങൾ എന്നെ സംഹരിച്ചിരിക്കുന്നു.
17അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു;
അവ ഒരുപോലെ എന്നെ വളയുന്നു.
18സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു;
എന്റെ പരിചയക്കാർ അന്ധകാരമത്രേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy