YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 32

32
ദാവീദിന്റെ ഒരു ധ്യാനം.
1ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവൻ ഭാഗ്യവാൻ.
2യഹോവ അകൃത്യം കണക്കിടാതെയും
ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
3ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ
എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
4രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു;
എന്റെ മജ്ജ വേനൽക്കാലത്തിലെ
ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.
5ഞാൻ എന്റെ പാപം നിന്നോടറിയിച്ചു;
എന്റെ അകൃത്യം മറച്ചതുമില്ല.
എന്റെ ലംഘനങ്ങളെ യഹോവയോട് ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു;
അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
6ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാർഥിക്കും;
പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്റെ അടുക്കലോളം എത്തുകയില്ല.
7നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും;
രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.
8ഞാൻ നിന്നെ ഉപദേശിച്ച്,
നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും;
ഞാൻ നിന്റെമേൽ ദൃഷ്‍ടിവച്ച് നിനക്ക് ആലോചന പറഞ്ഞുതരും.
9നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും
കോവർകഴുതയെയും പോലെയാകരുത്;
അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ട് അവയെ അടക്കിവരുന്നു;
അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.
10ദുഷ്ടനു വളരെ വേദനകൾ ഉണ്ട്;
യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.
11നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിൻ;
ഹൃദയപരമാർഥികൾ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിൻ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy