YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 6

6
1മകനേ, കൂട്ടുകാരനുവേണ്ടി നീ ജാമ്യം നില്ക്കയോ
അന്യനുവേണ്ടി കൈയടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ,
2നിന്റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി;
നിന്റെ വായിലെ മൊഴികളാൽ പിടിപെട്ടിരിക്കുന്നു.
3ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നെ വിടുവിക്ക;
കൂട്ടുകാരന്റെ കൈയിൽ നീ അകപ്പെട്ടുപോയല്ലോ;
നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.
4നിന്റെ കണ്ണിന് ഉറക്കവും
നിന്റെ കണ്ണിമയ്ക്കു നിദ്രയും കൊടുക്കരുത്.
5മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും എന്നപോലെ
നീ നിന്നെത്തന്നെ വിടുവിക്ക,
6മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക;
അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്ക.
7അതിനു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും
8വേനൽക്കാലത്ത് തന്റെ ആഹാരം ഒരുക്കുന്നു;
കൊയ്ത്തുകാലത്ത് തന്റെ തീൻ ശേഖരിക്കുന്നു.
9മടിയാ, നീ എത്രനേരം കിടന്നുറങ്ങും?
എപ്പോൾ ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കും?
10കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര;
കുറെക്കൂടെ കൈകെട്ടി കിടക്ക.
11അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും
നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.
12നിസ്സാരനും ദുഷ്കർമിയുമായവൻ
വായുടെ വക്രതയോടെ നടക്കുന്നു.
13അവൻ കണ്ണിമയ്ക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു;
വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു.
14അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്;
അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.
15അതുകൊണ്ട് അവന്റെ ആപത്തു പെട്ടെന്നു വരും;
ക്ഷണത്തിൽ അവൻ തകർന്നുപോകും; പ്രതിശാന്തി ഉണ്ടാകയുമില്ല.
16ആറു കാര്യം യഹോവ വെറുക്കുന്നു;
ഏഴു കാര്യം അവന് അറപ്പാകുന്നു:
17ഗർവമുള്ള കണ്ണും വ്യാജമുള്ള നാവും
കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും
18ദുരുപായം നിരൂപിക്കുന്ന ഹൃദയവും
ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും
19ഭോഷ്കു പറയുന്ന കള്ളസ്സാക്ഷിയും
സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.
20മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക;
അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്.
21അത് എല്ലായ്പോഴും നിന്റെ ഹൃദയത്തോടു ബന്ധിച്ചുകൊൾക;
നിന്റെ കഴുത്തിൽ അതു കെട്ടിക്കൊൾക.
22നീ നടക്കുമ്പോൾ അതു നിനക്കു വഴി കാണിക്കും.
നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും;
നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.
23കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും
പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗവുമാകുന്നു.
24അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽനിന്നും
പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.
25അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്;
അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കയുമരുത്.
26വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും;
വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.
27ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ
മടിയിൽ തീ കൊണ്ടുവരാമോ?
28ഒരുത്തനു കാൽ പൊള്ളാതെ
തീക്കനലിന്മേൽ നടക്കാമോ?
29കൂട്ടുകാരന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ;
അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കയില്ല.
30കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ
ആരും അവനെ നിരസിക്കുന്നില്ല.
31അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം;
തന്റെ വീട്ടിലെ വസ്തുവകയൊക്കെയും കൊടുക്കാം.
32സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ;
അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.
33പ്രഹരവും അപമാനവും അവനു ലഭിക്കും;
അവന്റെ നിന്ദ മാഞ്ഞുപോകയുമില്ല.
34ജാരശങ്ക പുരുഷനു ക്രോധഹേതുവാകുന്നു;
പ്രതികാരദിവസത്തിൽ അവൻ ഇളയ്ക്കുകയില്ല.
35അവൻ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല;
എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy