YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 15

15
1മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;
കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
2ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു;
മൂഢന്മാരുടെ വായോ ഭോഷത്തം പൊഴിക്കുന്നു.
3യഹോവയുടെ കണ്ണ് എല്ലാടവും ഉണ്ട്;
ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
4നാവിന്റെ ശാന്തത ജീവവൃക്ഷം;
അതിന്റെ വക്രതയോ മനോവ്യസനം.
5ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു;
ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്ത്തീരും.
6നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്;
ദുഷ്ടന്റെ ആദായത്തിലോ അനർഥം.
7ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു;
മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.
8ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്കു വെറുപ്പ്;
നേരുള്ളവരുടെ പ്രാർഥനയോ അവനു പ്രസാദം.
9ദുഷ്ടന്മാരുടെ വഴി യഹോവയ്ക്കു വെറുപ്പ്;
എന്നാൽ നീതിയെ പിന്തുടരുന്നവനെ അവൻ സ്നേഹിക്കുന്നു.
10സന്മാർഗം ത്യജിക്കുന്നവനു കഠിനശിക്ഷ വരും;
ശാസന വെറുക്കുന്നവൻ മരിക്കും.
11പാതാളവും നരകവും യഹോവയുടെ ദൃഷ്‍ടിയിൽ ഇരിക്കുന്നു;
മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!
12പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല;
ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല;
13സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു;
ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.
14വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു;
മൂഢന്മാരുടെ വായോ ഭോഷത്തം ആചരിക്കുന്നു.
15അരിഷ്ടന്റെ ജീവനാളൊക്കെയും കഷ്ടകാലം;
സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.
16ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ
യഹോവാഭക്തിയോടുകൂടെ അല്പ ധനം ഉള്ളതു നന്നു.
17ദ്വേഷമുള്ളേടത്തെ തടിച്ച കാളയെക്കാൾ
സേഹമുള്ളേടത്തെ ശാകഭോജനം നല്ലത്.
18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു;
ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.
19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു;
നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.
20ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;
മൂഢനോ അമ്മയെ നിന്ദിക്കുന്നു.
21ഭോഷത്വം ബുദ്ധിഹീനനു സന്തോഷം;
വിവേകിയോ ചൊവ്വായി നടക്കുന്നു.
22ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെപോകുന്നു;
ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
23താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യനു സന്തോഷം വരും;
തക്കസമയത്തു പറയുന്ന വാക്ക് എത്ര മനോഹരം!
24ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു;
കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.
25അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും;
വിധവയുടെ അതിരോ അവൻ ഉറപ്പിക്കും.
26ദുരുപായങ്ങൾ യഹോവയ്ക്കു വെറുപ്പ്;
ദയാവാക്കോ നിർമ്മലം.
27ദുരാഗ്രഹി തന്റെ ഭവനത്തെ വലയ്ക്കുന്നു;
കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.
28നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു;
ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
29യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു;
നീതിമാന്മാരുടെ പ്രാർഥനയോ അവൻ കേൾക്കുന്നു.
30കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
31ജീവാർഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ
ജ്ഞാനികളുടെ മധ്യേ വസിക്കും.
32പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു;
ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.
33യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;
മാനത്തിനു വിനയം മുന്നോടിയാകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy