YouVersion Logo
Search Icon

സംഖ്യാപുസ്തകം 20

20
1അനന്തരം യിസ്രായേൽമക്കളുടെ സർവസഭയും ഒന്നാം മാസം സീൻമരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാർത്തു; അവിടെവച്ചു മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു. 2ജനത്തിനു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി. 3ജനം മോശെയോട് കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. 4ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിനു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്? 5ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു. 6എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽനിന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. 7യഹോവ മോശെയോട്: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക. 8എന്നാൽ അതു വെള്ളം തരും; പാറയിൽനിന്ന് അവർക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിനും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്ന് അരുളിച്ചെയ്തു. 9തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു. 10മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു. 11മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. 12പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാൺകെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്ന് അരുളിച്ചെയ്തു. 13ഇതു യിസ്രായേൽമക്കൾ യഹോവയോടു കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.
14അനന്തരം മോശെ കാദേശിൽനിന്ന് എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചത്: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു: 15ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയ കാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു. 16ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ ഞങ്ങളുടെ നിലവിളി കേട്ട് ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു. 17ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയിൽക്കൂടിതന്നെ നടക്കും; നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. 18എദോം അവനോട്: നീ എന്റെ നാട്ടിൽക്കൂടി കടക്കരുത്: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരേ പുറപ്പെടും എന്നു പറഞ്ഞു. 19അതിനു യിസ്രായേൽമക്കൾ അവനോട്: ഞങ്ങൾ പെരുവഴിയിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാൽ അതിന്റെ വില തരാം; കാൽനടയായി കടന്നുപോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു. 20അതിന് അവൻ നീ കടന്നുപോകരുത് എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടെ അവന്റെ നേരേ പുറപ്പെട്ടു. 21ഇങ്ങനെ എദോം തന്റെ അതിരിൽക്കൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവനെ വിട്ട് ഒഴിഞ്ഞുപോയി.
22പിന്നെ യിസ്രായേൽമക്കളുടെ സർവസഭയും കാദേശിൽനിന്നു യാത്ര പുറപ്പെട്ടു ഹോർപർവതത്തിൽ എത്തി. 23എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോർപർവതത്തിൽവച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തത്: 24അഹരോൻ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ട് ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശത്തേക്ക് അവൻ കടക്കയില്ല. 25അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവതത്തിൽ കൊണ്ടുചെന്ന് 26അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോൻ അവിടെവച്ചു മരിച്ച് തന്റെ ജനത്തോടു ചേരും. 27യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവസഭയും കാൺകെ അവർ ഹോർപർവതത്തിൽ കയറി. 28മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവതത്തിന്റെ മുകളിൽവച്ചു മരിച്ചു; മോശെയും എലെയാസാരും പർവതത്തിൽനിന്ന് ഇറങ്ങിവന്നു. 29അഹരോൻ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽഗൃഹമൊക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy