YouVersion Logo
Search Icon

സംഖ്യാപുസ്തകം 15

15
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങൾ ചെന്നിട്ട് 3ഒരു നേർച്ച നിവർത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവയ്ക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവയ്ക്കു സൗരഭ്യവാസനയാകുമാറ് ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ 4യഹോവയ്ക്കു വഴിപാടു കഴിക്കുന്നവൻ കാൽ ഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം. 5ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി നീ ആടൊന്നിനു കാൽ ഹീൻ വീഞ്ഞു കൊണ്ടുവരേണം. 6ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്ന് എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം. 7അതിന്റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അർപ്പിക്കേണം. 8നേർച്ച നിവർത്തിപ്പാനോ യഹോവയ്ക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിനാകട്ടെ ഹനനയാഗത്തിനാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ 9കിടാവിനോടുകൂടെ അര ഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായിട്ട് അർപ്പിക്കേണം. 10അതിന്റെ പാനീയയാഗമായി അര ഹീൻ വീഞ്ഞ് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. 11കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെതന്നെ വേണം. 12നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിനും ഒത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ വേണം. 13സ്വദേശിയായവനൊക്കെയും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നെ അനുഷ്ഠിക്കേണം. 14നിങ്ങളോടുകൂടെ പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുംവണ്ണം തന്നെ അവനും അനുഷ്ഠിക്കേണം. 15നിങ്ങൾക്കാകട്ടെ വന്നുപാർക്കുന്ന പരദേശിക്കാകട്ടെ സർവസഭയ്ക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടംതന്നെ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെതന്നെ ഇരിക്കേണം. 16നിങ്ങൾക്കും വന്നുപാർക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നെ ആയിരിക്കേണം.
17യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 18യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം 19ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവയ്ക്ക് ഉദർച്ചാർപ്പണം കഴിക്കേണം. 20ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെതന്നെ അത് ഉദർച്ച ചെയ്യേണം. 21ഇങ്ങനെ നിങ്ങൾ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവയ്ക്ക് ഉദർച്ചാർപ്പണം കഴിക്കേണം.
22യഹോവ മോശെയോടു കല്പിച്ച ഈ സകല കല്പനകളിലും യാതൊന്നെങ്കിലും 23യഹോവ മോശെയോടു കല്പിച്ച നാൾമുതൽ തലമുറതലമുറയായി യഹോവ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റു ചെയ്താൽ, 24അറിയാതെകണ്ട് അബദ്ധവശാൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാംകൂടെ ഹോമയാഗത്തിനായി ഒരു കാളക്കിടാവിനെയും പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിനുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവയ്ക്കു സൗരഭ്യവാസനയായി അർപ്പിക്കേണം. 25ഇങ്ങനെ പുരോഹിതൻ യിസ്രായേൽമക്കളുടെ സർവസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവരോട് ക്ഷമിക്കപ്പെടും; അത് അബദ്ധവശാൽ സംഭവിക്കയും അവർ തങ്ങളുടെ അബദ്ധത്തിനായിട്ടു യഹോവയ്ക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിക്കയും ചെയ്തുവല്ലോ. 26എന്നാൽ അതു യിസ്രായേൽമക്കളുടെ സർവസഭയോടും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റ് സർവജനത്തിനുമുള്ളതായിരുന്നുവല്ലോ. 27ഒരാൾ അബദ്ധവശാൽ പാപം ചെയ്താൽ അവൻ തനിക്കുവേണ്ടി പാപയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഒരു പെൺകോലാട്ടിനെ അർപ്പിക്കേണം. 28അബദ്ധവശാൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമം അനുഷ്ഠിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കപ്പെടും. 29യിസ്രായേൽമക്കളുടെ ഇടയിൽ അബദ്ധവശാൽ പാപം ചെയ്യുന്നവൻ സ്വദേശിയോ വന്നുപാർക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നെ ആയിരിക്കേണം. 30എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം. 31അവൻ യഹോവയുടെ വചനം ധിക്കരിച്ച് അവന്റെ കല്പന ലംഘിച്ചു; അവനെ നിർമ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും.
32യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു. 33അവൻ വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവസഭയുടെയും അടുക്കൽ കൊണ്ടുവന്നു. 34അവനോടു ചെയ്യേണ്ടത് ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ട് അവർ അവനെ തടവിൽ വച്ചു. 35പിന്നെ യഹോവ മോശെയോട്: ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവസഭയും പാളയത്തിനു പുറത്തുവച്ച് അവനെ കല്ലെറിയേണം എന്നു കല്പിച്ചു. 36യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ സർവസഭയും അവനെ പാളയത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
37യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 38നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോൺതലയ്ക്കു പൊടിപ്പ് ഉണ്ടാക്കുകയും കോൺതലയ്ക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും വേണം. 39നിങ്ങൾ യഹോവയുടെ സകല കല്പനകളും ഓർത്ത് അനുസരിക്കേണ്ടതിനും നിങ്ങളുടെ സ്വന്തഹൃദയത്തിനും സ്വന്തകണ്ണിനും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിനും ആ പൊടിപ്പ് ജ്ഞാപകം ആയിരിക്കേണം. 40നിങ്ങൾ എന്റെ സകല കല്പനകളും ഓർത്ത് അനുസരിച്ച് നിങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കേണ്ടതിനുതന്നെ. 41നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവതന്നെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy