YouVersion Logo
Search Icon

സംഖ്യാപുസ്തകം 13

13
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2യിസ്രായേൽമക്കൾക്കു ഞാൻ കൊടുപ്പാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന് ആളുകളെ അയയ്ക്ക; അതതു ഗോത്രത്തിൽനിന്ന് ഓരോ ആളെ അയയ്ക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം. 3അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാൻമരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാരൊക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു. അവരുടെ പേർ ആവിത്: 4രൂബേൻഗോത്രത്തിൽ സക്കൂരിന്റെ മകൻ ശമ്മൂവ. 5ശിമെയോൻഗോത്രത്തിൽ ഹോരിയുടെ മകൻ ശാഫാത്ത്. 6യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്. 7യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ. 8എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ. 9ബെന്യാമീൻഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി. 10സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ. 11യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി. 12ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ. 13ആശേർഗോത്രത്തിൽ മീഖായേലിന്റെ മകൻ സെഥൂർ. 14നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി. 15ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ. 16ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവതന്നെ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയയ്ക്കു യോശുവ എന്നു പേരിട്ടു. 17മോശെ കനാൻദേശം ഒറ്റുനോക്കുവാൻ അവരെ അയച്ച് അവരോട്: നിങ്ങൾ ഈ വഴി തെക്കേ ദേശത്തു ചെന്നു മലയിൽ കയറി: 18ദേശം ഏതുവിധമുള്ളത്, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ; 19അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ, 20ദേശം പുഷ്‍ടിയുള്ളതോ പുഷ്‍ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു. 21അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹമാത്തിനു പോകുന്ന വഴിയായി രഹോബ്‍വരെ ദേശത്തെ ശോധനചെയ്തു. 22അവർ തെക്കേ ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന് ഏഴു സംവത്സരം മുമ്പേ പണിതതായിരുന്നു. 23അവർ എസ്കോൽതാഴ്വരയോളം ചെന്ന് അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർ കൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു. 24യിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽതാഴ്വര എന്നു പേരായി. 25അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു. 26അവർ യാത്ര ചെയ്തു പാരാൻമരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവസഭയുടെയും അടുക്കൽവന്ന് അവരോടും സർവസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു. 27അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; അതിലെ ഫലങ്ങൾ ഇതാ. 28എങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു. 29അമാലേക്യർ തെക്കേ ദേശത്ത് പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവതങ്ങളിൽ പാർക്കുന്നു; കനാന്യർ കടല്ക്കരയിലും യോർദ്ദാൻ നദീതീരത്തും പാർക്കുന്നു. 30എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: നാം ചെന്ന് അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു. 31എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരേ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു. 32തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽമക്കളോടു ദുർവർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനമൊക്കെയും അതികായന്മാർ; 33അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കുതന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy