YouVersion Logo
Search Icon

നെഹെമ്യാവ് 12

12
1ശെയൽതീയേലിന്റെ മകനായ സെരൂബ്ബാബേലിനോടും യേശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ആവിത്: 2സെരായാവ്, യിരെമ്യാവ്, എസ്രാ, അമര്യാവ്, മല്ലൂക്, ഹത്തൂശ്, 3ശെഖന്യാവ്, രെഹൂം, മെരേമോത്ത്, 4ഇദ്ദോ, ഗിന്നെഥോയി, അബ്ബീയാവ്, 5മീയാമീൻ, മയദ്യാവ്, ബില്ഗാ, 6ശെമയ്യാവ്, യോയാരീബ്, യെദായാവ്, 7സല്ലൂ, ആമോക്, ഹില്ക്കീയാവ്, യെദായാവ്. ഇവർ യേശുവയുടെ കാലത്ത് പുരോഹിതന്മാരുടെയും തങ്ങളുടെ സഹോദരന്മാരുടെയും തലവന്മാർ ആയിരുന്നു. 8ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവ്, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും. 9അവരുടെ സഹോദരന്മാരായ ബക്ക്ബൂക്ക്യാവും ഉന്നോവും അവർക്കു സഹകാരികളായി ശുശ്രൂഷിച്ചു നിന്നു. 10യേശുവ യോയാക്കീമിനെ ജനിപ്പിച്ചു; യോയാക്കീം എല്യാശീബിനെ ജനിപ്പിച്ചു; എല്യാശീബ് യോയാദയെ ജനിപ്പിച്ചു; 11യോയാദാ യോനാഥാനെ ജനിപ്പിച്ചു; യോനാഥാൻ യദ്ദൂവയെ ജനിപ്പിച്ചു. 12യോയാക്കീമിന്റെ കാലത്തു പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാർ സെറായാകുലത്തിനു മെരായ്യാവ്; യിരെമ്യാകുലത്തിനു ഹനന്യാവ്; 13എസ്രാകുലത്തിനു മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാൻ; 14മല്ലൂക്കുലത്തിനു യോനാഥാൻ; ശെബന്യാകുലത്തിനു യോസേഫ്; 15ഹാരീംകുലത്തിന് അദ്നാ; മെരായോത്ത്കുലത്തിനു ഹെല്ക്കായി 16ഇദ്ദോകുലത്തിനു സെഖര്യാവ്; ഗിന്നെഥോൻകുലത്തിനു മെശുല്ലാം; 17അബീയാകുലത്തിനു സിക്രി; മിന്യാമീൻകുലത്തിനും മോവദ്യാകുലത്തിനും പിൽതായി; 18ബിൽഗാകുലത്തിനു ശമ്മൂവ; ശെമയ്യാകുലത്തിനു യെഹോനാഥാൻ; 19യോയാരീബ്കുലത്തിനു മഥെനായി; യെദായാകുലത്തിന് ഉസ്സി; 20സല്ലായികുലത്തിനു കല്ലായി; ആമോക്കുലത്തിന് ഏബെർ; 21ഹില്ക്കീയാകുലത്തിനു ഹശബ്യാവ്; യെദായാകുലത്തിനു നെഥനയേൽ. 22എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാർസിരാജാവായ ദാര്യാവേശിന്റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവച്ചു. 23ലേവ്യരായ പിതൃഭവനത്തലവന്മാർ ഇന്നവരെന്ന് എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിയിരുന്നു. 24ലേവ്യരുടെ തലവന്മാർ: ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു. 25മത്ഥന്യാവും ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്മോൻ, അക്കൂബ് എന്നിവർ വാതിലുകൾക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങൾ കാക്കുന്ന വാതിൽക്കാവല്ക്കാർ ആയിരുന്നു. 26ഇവർ യോസാദാക്കിന്റെ മകനായ യേശുവയുടെ മകനായ യോയാക്കീമിന്റെ കാലത്തും ദേശാധിപതിയായ നെഹെമ്യാവിന്റെയും ശാസ്ത്രിയായ എസ്രാപുരോഹിതന്റെയും കാലത്തും ഉണ്ടായിരുന്നു.
27യെരൂശലേമിന്റെ മതിൽ പ്രതിഷ്ഠിച്ച സമയം അവർ സ്തോത്രങ്ങളോടും സംഗീതത്തോടുംകൂടെ കൈത്താളങ്ങളും വീണകളും കിന്നരങ്ങളുംകൊണ്ടു സന്തോഷപൂർവം പ്രതിഷ്ഠ ആചരിപ്പാൻ ലേവ്യരെ അവരുടെ സർവവാസസ്ഥലങ്ങളിൽനിന്നും യെരൂശലേമിലേക്ക് അന്വേഷിച്ചുവരുത്തി. 28അങ്ങനെ സംഗീതക്കാരുടെ വർഗം യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശത്തുനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും 29ബേത്ത്-ഗില്ഗാലിൽനിന്നും ഗേബയുടെയും അസ്മാവെത്തിന്റെയും നാട്ടുപുറങ്ങളിൽനിന്നും വന്നുകൂടി; സംഗീതക്കാർ യെരൂശലേമിന്റെ ചുറ്റും തങ്ങൾക്കു ഗ്രാമങ്ങൾ പണിതിരുന്നു. 30പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു. 31പിന്നെ ഞാൻ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിനു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയിൽ ഒന്നു മതിലിന്മേൽ വലത്തു ഭാഗത്തുകൂടി കുപ്പവാതിൽക്കലേക്കു പുറപ്പെട്ടു. 32അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരിൽ പാതിപേരും നടന്നു. 33അസര്യാവും എസ്രായും മെശുല്ലാമും 34യെഹൂദായും ബെന്യാമീനും ശെമയ്യാവും യിരെമ്യാവും 35കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും 36ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവും അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദായും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പിൽ നടന്നു. 37അവർ ഉറവുവാതിൽ കടന്നു നേരേ ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടിൽകൂടി ദാവീദിന്റെ അരമനയ്ക്കപ്പുറം മതിലിന്റെ കയറ്റത്തിൽ കിഴക്കു നീർവാതിൽവരെ ചെന്നു. 38സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവർക്ക് എതിരേ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തിൽ പാതിയും മതിലിന്മേൽ ചൂളഗോപുരത്തിന് അപ്പുറം വിശാലമതിൽവരെയും 39എഫ്രയീംവാതിലിനപ്പുറം പഴയവാതിലും മീൻവാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്ന് ആട്ടുവാതിൽവരെയും ചെന്നു; അവർ കാരാഗൃഹവാതിൽക്കൽ നിന്നു. 40അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളിൽ പാതിപേരും നിന്നു. 41കാഹളങ്ങളോടുകൂടെ എല്യാക്കീം, മയസേയാവ്, മിന്യാമീൻ, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്ന പുരോഹിതന്മാരും 42മയസേയാവ്, ശെമയ്യാവ്, എലെയാസാർ, ഉസ്സി, യെഹോഹാനാൻ, മല്ക്കീയാവ്, ഏലാം, ഏസെർ എന്നിവരും ദൈവാലയത്തിനരികെ വന്നുനിന്നു; സംഗീതക്കാർ ഉച്ചത്തിൽ പാട്ടുപാടി; യിസ്രഹ്യാവ് അവരുടെ പ്രമാണിയായിരുന്നു. 43അവർ അന്നു മഹായാഗങ്ങൾ അർപ്പിച്ചു സന്തോഷിച്ചു; ദൈവം അവർക്കു മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.
44അന്നു ശുശ്രൂഷിച്ചുനില്ക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ചു യെഹൂദാജനം സന്തോഷിച്ചതുകൊണ്ട് അവർ പുരോഹിതന്മാർക്കും ലേവ്യർക്കും ന്യായപ്രമാണത്താൽ നിയമിക്കപ്പെട്ട ഓഹരികളെ, പട്ടണങ്ങളോടു ചേർന്ന നിലങ്ങളിൽനിന്നു ശേഖരിച്ചു ഭണ്ഡാരത്തിനും ഉദർച്ചാർപ്പണങ്ങൾക്കും ഉള്ള അറകളിൽ സൂക്ഷിക്കേണ്ടതിനു ചില പുരുഷന്മാരെ മേൽവിചാരകന്മാരായി നിയമിച്ചു. 45അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതിൽക്കാവല്ക്കാരും ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും കല്പനപ്രകാരം ചെയ്തു. 46പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്തു സംഗീതക്കാർക്ക് ഒരു തലവനും ദൈവത്തിനു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു. 47എല്ലാ യിസ്രായേലും സെരുബ്ബാബേലിന്റെ കാലത്തും നെഹെമ്യാവിന്റെ കാലത്തും സംഗീതക്കാർക്കും വാതിൽക്കാവല്ക്കാർക്കും ദിവസേന ആവശ്യമായ ഉപജീവനം കൊടുത്തുവന്നു. അവർ ലേവ്യർക്കു നിവേദിതങ്ങളെ കൊടുത്തു; ലേവ്യർ അഹരോന്യർക്കും നിവേദിതങ്ങളെ കൊടുത്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy