YouVersion Logo
Search Icon

മർക്കൊസ് 4

4
1അവൻ പിന്നെയും കടല്ക്കരെവച്ച് ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ട് അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു. 2അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞത്: കേൾപ്പിൻ; 3വിതയ്ക്കുന്നവൻ വിതപ്പാൻ പുറപ്പെട്ടു. 4വിതയ്ക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്ന് അതു തിന്നുകളഞ്ഞു. 5മറ്റു ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിനു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുവന്നു. 6സൂര്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി. 7മറ്റു ചിലത് മുള്ളിനിടയിൽ വീണു; മുള്ളു മുളച്ചു വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല. 8മറ്റു ചിലതു നല്ല മണ്ണിൽ വീണിട്ടു മുളച്ചു വളർന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു. 9കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു.
10അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു. 11അവരോട് അവൻ പറഞ്ഞത്: ദൈവരാജ്യത്തിന്റെ മർമം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു. 12അവർ മനം തിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും. 13പിന്നെ അവൻ അവരോടു പറഞ്ഞത്: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റ് ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും? 14വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു. 15വചനം വിതച്ചിട്ടു വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു. 16അങ്ങനെതന്നെ പാറസ്ഥലത്തു വിതച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; 17എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു. 18മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ വചനം കേട്ടിട്ട് 19ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വിഷയമോഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു. 20നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നെ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.
21പിന്നെ അവൻ അവരോടു പറഞ്ഞത്: വിളക്കു കത്തിച്ചു പറയിൻകീഴിലോ കട്ടില്ക്കീഴിലോ വയ്ക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വയ്ക്കുന്നത്? 22വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായത് ഒന്നും ഇല്ല. 23കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ. 24നിങ്ങൾ കേൾക്കുന്നത് എന്ത് എന്നു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും. 25ഉള്ളവനു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു.
26പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം 27രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളച്ചു വളരുന്നതുപോലെ ആകുന്നു. 28ഭൂമി സ്വയമായി മുമ്പേ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു. 29ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ട് അവൻ ഉടനെ അരിവാൾ വയ്ക്കുന്നു.
30പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടൂ? ഏത് ഉപമയാൽ അതിനെ വർണിക്കേണ്ടൂ? 31അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതയ്ക്കുമ്പോൾ ഭൂമിയിലെ എല്ലാ വിത്തിലും ചെറിയത്. 32എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്ന്, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
33അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു. 34ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.
35അന്നു സന്ധ്യയായപ്പോൾ: നാം അക്കരയ്ക്കു പോക എന്ന് അവൻ അവരോടു പറഞ്ഞു. 36അവർ പുരുഷാരത്തെ വിട്ട്, താൻ പടകിൽ ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; 37അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അതു മുങ്ങുമാറായി. 38അവൻ അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു. 39അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോട്: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റ് അമർന്നു, വലിയ ശാന്തത ഉണ്ടായി. 40പിന്നെ അവൻ അവരോട്: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ എന്നു പറഞ്ഞു. 41അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy