YouVersion Logo
Search Icon

മത്തായി 21:1-22

മത്തായി 21:1-22 MALOVBSI

അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു: നിങ്ങൾക്ക് എതിരേയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ. നിങ്ങളോട് ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയയ്ക്കും എന്നു പറഞ്ഞു. “സീയോൻപുത്രിയോട്: ഇതാ, നിന്റെ രാജാവ് സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിനു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു. ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു, കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെമേൽ ഇട്ടു; അവൻ കയറി ഇരുന്നു. പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ വൃക്ഷങ്ങളിൽനിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി. മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദുപുത്രനു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്ന് ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു. ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു. യേശു ദൈവാലയത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞ് അവരോട്: എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു. കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അദ്ഭുതങ്ങളെയും ദാവീദുപുത്രനു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു: ഇവർ പറയുന്നതു കേൾക്കുന്നുവോ എന്ന് അവനോടു ചോദിച്ചു. യേശു അവരോട്: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. പിന്നെ അവരെ വിട്ടു നഗരത്തിൽനിന്നു പുറപ്പെട്ടു ബേഥാന്യയിൽ ചെന്ന് അവിടെ രാത്രി പാർത്തു. രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്, അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്ന് അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ എന്നു പറഞ്ഞ് ആശ്ചര്യപ്പെട്ടു. അതിനു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്ന് ഉത്തരം പറഞ്ഞു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy