YouVersion Logo
Search Icon

മത്തായി 13:31-58

മത്തായി 13:31-58 MALOVBSI

മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞു കൊടുത്തു: സ്വർഗരാജ്യം കടുകുമണിയോടു സദൃശം; അത് ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. അത് എല്ലാ വിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്ന് അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായിത്തീരുന്നു. അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വർഗരാജ്യം പുളിച്ച മാവിനോട് സദൃശം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു. ഇതൊക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല. “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനംമുതൽ ഗൂഢമായത് ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞത് നിവൃത്തിയാകുവാൻ സംഗതിവന്നു. അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്ന് അപേക്ഷിച്ചു. അതിന് അവൻ ഉത്തരം പറഞ്ഞത്: നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതച്ച ശത്രു പിശാച്; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളയും. അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. സ്വർഗരാജ്യം വയലിൽ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യൻ കണ്ടു മറച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയൽ വാങ്ങി. പിന്നെയും സ്വർഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. അവൻ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങി. പിന്നെയും സ്വർഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായൊരു വലയോടു സദൃശം. നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരയ്ക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു. അങ്ങനെ തന്നെ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ച് തീച്ചൂളയിൽ ഇട്ടുകളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് അവർ ഉവ്വ് എന്നു പറഞ്ഞു. അവൻ അവരോട്: അതുകൊണ്ടു സ്വർഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു. ഈ ഉപമകളെ പറഞ്ഞുതീർന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവരെ ഉപദേശിച്ചു. അവർ വിസ്മയിച്ചു: ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്ന്? ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇതൊക്കെയും എവിടെനിന്ന് എന്നു പറഞ്ഞ് അവങ്കൽ ഇടറിപ്പോയി. യേശു അവരോട്: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ല.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy