YouVersion Logo
Search Icon

ലൂക്കൊസ് 13:23-35

ലൂക്കൊസ് 13:23-35 MALOVBSI

അപ്പോൾ ഒരുത്തൻ അവനോട്: കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ എന്നു ചോദിച്ചതിന് അവനോടു പറഞ്ഞത്: ഇടുക്കുവാതിലിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. വീട്ടുടയവൻ എഴുന്നേറ്റു കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിനു മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെനിന്ന് എന്ന് ഞാൻ അറിയുന്നില്ല, എന്ന് അവൻ ഉത്തരം പറയും. അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറഞ്ഞുതുടങ്ങും. അവനോ: നിങ്ങൾ എവിടെനിന്ന് എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവർത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടു പോകുവിൻ എന്നു പറയും. അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും, നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങൾ കാണുമ്പോൾ കരച്ചലും പല്ലുകടിയും ഉണ്ടാകും. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ പന്തിയിൽ ഇരിക്കും. മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരുണ്ട്, പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്. ആ നാഴികയിൽതന്നെ ചില പരീശന്മാർ അടുത്തുവന്ന്: ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ഇച്ഛിക്കുന്നു എന്ന് അവനോടു പറഞ്ഞു. അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളിൽ സമാപിക്കയും ചെയ്യും. എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകുന്നത് അസംഭവ്യമല്ലോ എന്നു പറവിൻ. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്ര വട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy