YouVersion Logo
Search Icon

ലേവ്യാപുസ്തകം 26

26
1വിഗ്രഹങ്ങളെ ഉണ്ടാക്കരുത്; ബിംബമോ സ്തംഭമോ നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 2നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാൻ യഹോവ ആകുന്നു.
3എന്റെ ചട്ടം ആചരിച്ച് എന്റെ കല്പന പ്രമാണിച്ച് അനുസരിച്ചാൽ 4ഞാൻ തക്കസമയത്തു നിങ്ങൾക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും. 5നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങൾ തൃപ്തരായി അഹോവൃത്തി കഴിച്ചു ദേശത്തു നിർഭയം വസിക്കും. 6ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല. 7നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ ഓടിക്കും; അവർ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. 8നിങ്ങളിൽ അഞ്ചു പേർ നൂറു പേരെ ഓടിക്കും; നിങ്ങളിൽ നൂറു പേർ പതിനായിരം പേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും. 9ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും. 10നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്ത് ഇറക്കുകയും ചെയ്യും. 11ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല. 12ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. 13നിങ്ങൾ മിസ്രയീമ്യർക്ക് അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.
14എന്നാൽ നിങ്ങൾ എന്റെ വാക്ക് കേൾക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും 15എന്റെ ചട്ടങ്ങൾ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങൾ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാൽ 16ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും: കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാൻ നിങ്ങളുടെമേൽ വരുത്തും; നിങ്ങളുടെ വിത്ത് നിങ്ങൾ വെറുതേ വിതയ്ക്കും; ശത്രുക്കൾ അതു ഭക്ഷിക്കും. 17ഞാൻ നിങ്ങളുടെനേരേ ദൃഷ്‍ടി വയ്ക്കും; നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവർ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവർ ഇല്ലാതെ നിങ്ങൾ ഓടും. 18ഇതെല്ലാം ആയിട്ടും നിങ്ങൾ എന്റെ വാക്ക് കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങൾ നിമിത്തം ഞാൻ നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കും. 19ഞാൻ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കെടുക്കും; നിങ്ങളുടെ ആകാശത്തെ ഇരുമ്പുപോലെയും ഭൂമിയെ ചെമ്പു പോലെയും ആക്കും. 20നിങ്ങളുടെ ശക്തി വെറുതേ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായിക്കാതെയും ഇരിക്കും. 21നിങ്ങൾ എനിക്കു വിരോധമായി നടന്ന് എന്റെ വാക്കു കേൾക്കാതിരുന്നാൽ ഞാൻ നിങ്ങളുടെ പാപങ്ങൾക്കു തക്കവണ്ണം ഏഴു മടങ്ങ് ബാധ നിങ്ങളുടെമേൽ വരുത്തും. 22ഞാൻ നിങ്ങളുടെ ഇടയിൽ കാട്ടുമൃഗങ്ങളെ അയയ്ക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തിൽ കുറയ്ക്കുകയും ചെയ്യും; നിങ്ങളുടെ വഴികൾ പാഴായി കിടക്കും. 23ഇവയാലും നിങ്ങൾക്കു ബോധംവരാതെ നിങ്ങൾ എനിക്കു വിരോധമായി നടന്നാൽ 24ഞാനും നിങ്ങൾക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങൾ നിമിത്തം ഏഴു മടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും. 25എന്റെ നിയമത്തിന്റെ പ്രതികാരം നടത്തുന്ന വാൾ ഞാൻ നിങ്ങളുടെമേൽ വരുത്തും; നിങ്ങൾ നിങ്ങളുടെ പട്ടണങ്ങളിൽ ഒന്നിച്ചുകൂടുമ്പോൾ ഞാൻ നിങ്ങളുടെ ഇടയിൽ മഹാമാരി അയയ്ക്കയും നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏല്പിക്കയും ചെയ്യും. 26ഞാൻ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങൾക്കു തിരികെ തൂക്കിത്തരും; നിങ്ങൾ ഭക്ഷിച്ചിട്ടു തൃപ്തരാകയില്ല.
27ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്ക് കേൾക്കാതെ എനിക്കു വിരോധമായി നടന്നാൽ 28ഞാനും ക്രോധത്തോടെ നിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കും. 29നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും. 30ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ സൂര്യവിഗ്രഹങ്ങളെ വെട്ടിക്കളകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളകയും എനിക്കു നിങ്ങളോടു വെറുപ്പു തോന്നുകയും ചെയ്യും. 31ഞാൻ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൗരഭ്യവാസന ഞാൻ മണക്കുകയില്ല. 32ഞാൻ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കൾ അതിങ്കൽ ആശ്ചര്യപ്പെടും. 33ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും. 34അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങൾ ശത്രുക്കളുടെ ദേശത്ത് ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകൾ അനുഭവിക്കും; അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. 35നിങ്ങൾ അവിടെ പാർത്തിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന് അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായിക്കിടക്കുന്ന നാളൊക്കെയും അനുഭവിക്കും. 36ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാൻ ശത്രുക്കളുടെ ദേശത്തുവച്ച് ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ട് അവർ ഓടും; വാളിന്റെ മുമ്പിൽനിന്ന് ഓടുന്നതുപോലെ അവർ ഓടും; ആരും ഓടിക്കാതെ അവർ ഓടി വീഴും. 37ആരും ഓടിക്കാതെ അവർ വാളിന്റെ മുമ്പിൽനിന്ന് എന്നപോലെ ഓടി ഒരുത്തന്റെമേൽ ഒരുത്തൻ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിങ്ങൾക്കു കഴികയുമില്ല. 38നിങ്ങൾ ജാതികളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും. 39നിങ്ങളിൽ ശേഷിച്ചിരിക്കുന്നവർ ശത്രുക്കളുടെ ദേശത്തുവച്ച് തങ്ങളുടെ അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവർ അവരോടുകൂടെ ക്ഷയിച്ചുപോകും. 40അവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവർ എന്നോടു ദ്രോഹിച്ച ദ്രോഹവും അവർ എനിക്കു വിരോധമായി നടന്നതുകൊണ്ട് 41ഞാനും അവർക്കു വിരോധമായി നടന്ന് അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോൾ താഴുകയും അവർ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കയും ചെയ്താൽ 42ഞാൻ യാക്കോബിനോടുള്ള എന്റെ നിയമം ഓർക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാൻ ഓർക്കും; ദേശത്തെയും ഞാൻ ഓർക്കും. 43അവർ ദേശം വിട്ടുപോയിട്ട് അവർ ഇല്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകൾ അനുഭവിക്കും. അവർ എന്റെ വിധികളെ ധിക്കരിക്കയും അവർക്ക് എന്റെ ചട്ടങ്ങളോടു വെറുപ്പു തോന്നുകയും ചെയ്തതുകൊണ്ട് അവർ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കും. 44എങ്കിലും അവർ ശത്രുക്കളുടെ ദേശത്ത് ഇരിക്കുമ്പോൾ അവരെ നിർമ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാൻ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു. 45ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിനു ജാതികൾ കാൺകെ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂർവന്മാരോടു ചെയ്ത നിയമം ഞാൻ അവർക്കുവേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു.
46യഹോവ സീനായിപർവതത്തിൽവച്ചു തനിക്കും യിസ്രായേൽമക്കൾക്കും തമ്മിൽ മോശെ മുഖാന്തരം വച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy