YouVersion Logo
Search Icon

ഇയ്യോബ് 7

7
1മർത്യനു ഭൂമിയിൽ യുദ്ധസേവയില്ലയോ?
അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെതന്നെ.
2വേലക്കാരൻ നിഴൽ വാഞ്ഛിക്കുന്നതു പോലെയും
കൂലിക്കാരൻ കൂലിക്കു കാത്തിരിക്കുന്നതുപോലെയും
3വ്യർഥമാസങ്ങൾ എനിക്ക് അവകാശമായ് വന്നു,
കഷ്ടരാത്രികൾ എനിക്ക് ഓഹരിയായിത്തീർന്നു.
4കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു;
രാത്രിയോ ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നെ പണി.
5എന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു.
എന്റെ ത്വക്കിൽ പുൺവായ്കൾ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.
6എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളത്;
പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
7എന്റെ ജീവൻ ഒരു ശ്വാസംമാത്രം എന്നോർക്കേണമേ;
എന്റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.
8എന്നെ കാണുന്നവന്റെ കണ്ണ് ഇനി എന്നെ കാണുകയില്ല;
നിന്റെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
9മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ
പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറി വരുന്നില്ല.
10അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല;
അവന്റെ ഇടം ഇനി അവനെ അറികയുമില്ല.
11ആകയാൽ ഞാൻ എന്റെ വായടയ്ക്കയില്ല;
എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും;
എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.
12നീ എനിക്കു കാവലാക്കേണ്ടതിന്
ഞാൻ കടലോ കടലാനയോ ആകുന്നുവോ?
13എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും;
എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും
എന്നു ഞാൻ പറഞ്ഞാൽ
14നീ സ്വപ്നംകൊണ്ട് എന്നെ അരട്ടുന്നു; ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
15ആകയാൽ ഞാൻ ഞെക്കിക്കൊലയും
ഈ അസ്ഥികൂടത്തെക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.
16ഞാൻ അഴിഞ്ഞിരിക്കുന്നു;
എന്നേക്കും ജീവിച്ചിരിക്കയില്ല;
എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
17മർത്യനെ നീ ഗണ്യമാക്കേണ്ടതിനും
അവന്റെമേൽ ദൃഷ്‍ടിവയ്ക്കേണ്ടതിനും
18അവനെ രാവിലെതോറും സന്ദർശിച്ചു
മാത്രതോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളൂ?
19നീ എത്രത്തോളം നിന്റെ നോട്ടം എങ്കൽനിന്നു മാറ്റാതിരിക്കും?
ഞാൻ ഉമിനീർ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?
20ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്തു ചെയ്യുന്നു?
ഞാൻ എനിക്കുതന്നെ ഭാരമായിരിക്കത്തക്കവണ്ണം
നീ എന്നെ നിനക്കു ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്?
21എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്?
ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും;
നീ എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy