YouVersion Logo
Search Icon

ഇയ്യോബ് 5

5
1വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ?
നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?
2നീരസം ഭോഷനെ കൊല്ലുന്നു;
ഈർഷ്യ മൂഢനെ ഹിംസിക്കുന്നു.
3മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു
ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ശപിച്ചു.
4അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു;
അവർ രക്ഷകനില്ലാതെ വാതിൽക്കൽവച്ചു തകർന്നുപോകുന്നു.
5അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും;
മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും;
അവരുടെ സമ്പത്ത് ദാഹമുള്ളവർ കപ്പിക്കളയും.
6അനർഥം ഉദ്ഭവിക്കുന്നതു പൂഴിയിൽ നിന്നല്ല;
കഷ്ടത മുളയ്ക്കുന്നതു നിലത്തുനിന്നുമല്ല;
7തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ
കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.
8ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു;
എന്റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു;
9അവൻ, ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും
അസംഖ്യമായ അദ്ഭുതങ്ങളും ചെയ്യുന്നു.
10അവൻ ഭൂതലത്തിൽ മഴ പെയ്യിക്കുന്നു;
വയലുകളിലേക്കു വെള്ളം വിടുന്നു.
11അവൻ താണവരെ ഉയർത്തുന്നു;
ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
12അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;
അവരുടെ കൈകൾ കാര്യം സാധിപ്പിക്കയുമില്ല.
13അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു;
വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
14പകൽസമയത്ത് അവർക്ക് ഇരുൾ നേരിടുന്നു;
ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
15അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും
ബലവാന്റെ കൈയിൽനിന്നും രക്ഷിക്കുന്നു.
16അങ്ങനെ എളിയവനു പ്രത്യാശയുണ്ട്;
നീതികെട്ടവനോ വായ് പൊത്തുന്നു.
17ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;
സർവശക്തന്റെ ശിക്ഷ നീ നിരസിക്കരുത്.
18അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു.
അവൻ ചതയ്ക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.
19ആറു കഷ്ടത്തിൽനിന്ന് അവൻ നിന്നെ വിടുവിക്കും;
ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
20ക്ഷാമകാലത്ത് അവൻ നിന്നെ മരണത്തിൽ
നിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽ നിന്നും വിടുവിക്കും.
21നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും;
നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
22നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും;
കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.
23വയലിലെ കല്ലുകളോടു നിനക്കു സഖ്യത ഉണ്ടാകും;
കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.
24നിന്റെ കൂടാരം നിർഭയം എന്നു നീ അറിയും;
നിന്റെ പാർപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.
25നിന്റെ സന്താനം അസംഖ്യമെന്നും
നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
26തക്കസമയത്തു കറ്റക്കൂമ്പാരം അടുക്കിവയ്ക്കുന്നതുപോലെ നീ പൂർണ വാർധക്യത്തിൽ കല്ലറയിൽ കടക്കും.
27ഞങ്ങൾ അത് ആരാഞ്ഞുനോക്കി, അത് അങ്ങനെതന്നെ ആകുന്നു;
നീ അതു കേട്ടു ഗ്രഹിച്ചുകൊൾക.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy