YouVersion Logo
Search Icon

ഇയ്യോബ് 39

39
1പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ?
മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ?
2അവയ്ക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ?
അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
3അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു;
ക്ഷണത്തിൽ വേദന കഴിഞ്ഞു പോകുന്നു.
4അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു;
അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.
5കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആർ? വനഗർദ്ദഭത്തെ കെട്ടഴിച്ചതാർ?
6ഞാൻ മരുഭൂമിയെ അതിനു വീടും
ഉവർന്നിലത്തെ അതിനു പാർപ്പിടവുമാക്കി.
7അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു;
തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.
8മലനിരകൾ അതിന്റെ മേച്ചൽപ്പുറമാകുന്നു;
പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.
9കാട്ടുപോത്ത് നിന്നെ വഴിപ്പെട്ടു സേവിക്കുമോ?
അതു നിന്റെ പുല്ത്തൊട്ടിക്കരികെ രാപാർക്കുമോ?
10കാട്ടുപോത്തിനെ നിനക്കു കയറിട്ട് ഉഴവിനു കൊണ്ടുപോകാമോ?
അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?
11അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ?
നിന്റെ വേല നീ അതിനു ഭരമേല്പിച്ചു കൊടുക്കുമോ?
12അതു നിന്റെ വിത്ത് കൊണ്ടുവരുമെന്നും
നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
13ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു;
എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ?
14അതു നിലത്തു മുട്ട ഇട്ടേച്ചു പോകുന്നു;
അവയെ പൊടിയിൽ വച്ചു വിരിക്കുന്നു.
15കാൽകൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ
കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓർക്കുന്നില്ല.
16അത് തന്റെ കുഞ്ഞുങ്ങളോടു
തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു;
തന്റെ പ്രയത്നം വ്യർഥമായിപ്പോകുമെന്നു ഭയപ്പെടുന്നില്ല.
17ദൈവം അതിനു ജ്ഞാനമില്ലാതാക്കി
വിവേകം അതിനു നല്കിയിട്ടുമില്ല.
18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ
കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.
19കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്?
അതിന്റെ കഴുത്തിനു നീയോ കുഞ്ചിരോമം അണിയിച്ചത്?
20നിനക്ക് അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ?
അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
21അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു.
അത് ആയുധപാണികളെ എതിർത്തു ചെല്ലുന്നു.
22അതു കൂസാതെ ഭയത്തെ പുച്ഛിക്കുന്നു;
വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല.
23അതിന് എതിരേ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
24അത് ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു;
കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കയില്ല.
25കാഹളനാദം ധ്വനിക്കുന്തോറും അതു
ഹാ, ഹാ എന്നു ചിനയ്ക്കുന്നു;
പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു.
26നിന്റെ വിവേകത്താലോ പരുന്തു പറക്കയും
ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നത്?
27നിന്റെ കല്പനയ്ക്കോ കഴുകൻ മേലോട്ടു പറക്കയും
ഉയരത്തിൽ കൂടുവയ്ക്കയും ചെയ്യുന്നത്?
28അതു പാറയിൽ കുടിയേറി രാപാർക്കുന്നു;
പാറമുകളിലും ദുർഗത്തിലും തന്നെ.
29അവിടെനിന്ന് അത് ഇര തിരയുന്നു;
അതിന്റെ കണ്ണ് ദൂരത്തേക്കു കാണുന്നു.
30അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചു കുടിക്കുന്നു;
പട്ടുപോയവർ എവിടെയോ അവിടെ അതുണ്ട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy